ആരോ വ്യാജ മൊബൈല്‍ കണക്ഷന്‍ എടുത്തതിന്‍റെ പേരില്‍ യാത്രാ വിലക്ക് നേരിടുന്ന പ്രവാസി
|അറബി വീട്ടിൽ ഡ്രൈവറായിരുന്ന കബീര്‍ രണ്ടു വർഷം മുൻപാണ് ഒരു റെസ്റ്റോറന്‍റിൽ ഡെലിവറി മാൻ ആയി ജോലിക്ക് കയറിയത്. സ്വന്തം തിരിച്ചറിയൽ കാർഡുപയോഗിച്ചു ആരോ മൊബൈൽ കണക്ഷൻ എടുത്തതിന്‍റെ പേരിൽ കോടതി കയറി ഇറങ്ങാൻ തുടങ്ങിയിട്ടു ഏതാണ്ട് രണ്ടു കൊല്ലത്തിലേറെയായി.
സ്വന്തം പേരിൽ മറ്റാരോ എടുത്ത മൊബൈൽ കണക്ഷന്‍റെ പേരിൽ രണ്ടു വർഷമായി കോടതി കയറി ഇറങ്ങുകയാണ് കുവൈത്തിൽ ഒരു മലയാളി. തൃശൂർ പുന്നയൂർ സ്വദേശി തെക്കെതലക്കൽ കബീർ ആണ് മൊബൈൽ കമ്പനി നൽകിയ കേസിൽ യാത്രാവിലക്ക് നേരിടുന്നത്.
18 വർഷമായി കബീർ പ്രവാസിയാണ്. അറബി വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം രണ്ടു വർഷം മുൻപാണ് ഒരു റെസ്റ്റോറന്‍റിൽ ഡെലിവറി മാൻ ആയി ജോലിക്ക് കയറിയത്. സ്വന്തം തിരിച്ചറിയൽ കാർഡുപയോഗിച്ചു ആരോ മൊബൈൽ കണക്ഷൻ എടുത്തതിന്‍റെ പേരിൽ കോടതി കയറി ഇറങ്ങാൻ തുടങ്ങിയിട്ടു ഏതാണ്ട് രണ്ടു കൊല്ലത്തിലേറെയായി.
മൊബൈൽ ദാതാക്കളായ വിവ കമ്പനിയുടെ മൂന്നു കണക്ഷനുകളാണ് കബീറിന്റെ പേരും സിവിൽ ഐഡി പകര്‍പ്പും ഉപയോഗിച്ച് ആരോ സ്വന്തമാക്കിയത് . ഒരു ഐപാഡ് ഒരു ഐ ഫോൺ ഒരു അൺ ലിമിറ്റഡ് ഇന്‍റർനെറ്റ് ഡാറ്റാ കണക്ഷൻ എന്നിവയുടെ ബാധ്യതയാണ് കബീർ കമ്പനിക്ക് നല്കേണ്ടത് ഏതാണ്ട് 3 ലക്ഷം രൂപയോളം വരും ഇത്. സിവിൽ ഐഡി കാർഡിലെ ഫോട്ടോ മാറ്റിയതിനു ശേഷമാണ് ലൈൻ എടുത്തിട്ടുള്ളതെന്നും, ഒരേ ദിവസം ഫഹാഹീലിലെ ഒരു സ്ഥാപനത്തിൽ വെച്ചാണ് മൂന്നു ലൈനുകളും രജിസ്ടർ ചെയ്യപ്പെട്ടതെന്നും തെളിയിക്കുന്ന രേഖകൾ കബീറിന്‍റെ കൈവശമുണ്ട്. എന്നിട്ടും കോടതി നടപടികൾ അനന്തമായി നീളുകയാണ്.
ജോലി ചെയ്യുന്ന സ്ഥാപനമോ താൻ അംഗമായ പ്രവാസി സംഘടനയോ തന്നെ സഹായത്തിനെത്തിയില്ലെന്നും ഈ മലയാളി പരാതിപ്പെടുന്നു. നിയമ സഹായത്തിനെന്ന പേരിൽ എത്തുന്നവർ കുറെ പണം കൈക്കലാക്കിയ ശേഷം പിന്നെ അപ്രത്യക്ഷരാവുകയാണ് പതിവെന്നും കബീർ ചൂണ്ടികാട്ടി.