ദുബൈ രാമരാജ്യം; ഓംകാരത്തിന് പകരം ആമീന്‍ ഉരുവിട്ട് യോഗ അഭ്യസിക്കാം: രാംദേവ്
|ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന രാമരാജ്യത്തിന്റെ മാതൃക ദുബൈയാണെന്ന് വിവാദ യോഗാഗുരു ബാബാ രാംദേവ്.
ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന രാമരാജ്യത്തിന്റെ മാതൃക ദുബൈയാണെന്ന് വിവാദ യോഗാഗുരു ബാബാ രാംദേവ്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും, ദുബൈ സ്പോര്‍ടസ് കൗണ്‍സിലും സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
യോഗ മതാചാരമല്ലെന്നും പൂര്‍ണമായും മതേതരമാണെന്നും പരിചയപ്പെടുത്തിയാണ് ബാബാ രാംദേവ് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ യോഗാ പരിശീലന പരിപാടി തുടങ്ങിയത്. ഓംകാരത്തിന് പകരം ആമീന്‍ എന്ന് ഉരുവിട്ടും യോഗാസാനം നടത്താം. ഇന്ത്യയില്‍ രാമരാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ദുബൈ പണ്ടേ രാമരാജ്യമാണ്. കുറ്റകൃത്യങ്ങളും, അഴിമതിയും, അക്രമവുമില്ലാത്ത ദുബൈയാണ് രാമരാജ്യത്തിന് മാതൃതയെന്നും അദ്ദേഹം പറഞ്ഞു. അമിതവണ്ണം മുതല്‍ അര്‍ബുദം വരെ കുറക്കുമെന്ന് അവകാശപ്പെടുന്ന ആസനങ്ങളും രാംദേവ് പരിചയപ്പെടുത്തി. ദുബൈ ടൂറിസം സിഇഓ ഇസ്സാം കാസിം, കോണ്‍സുലാര്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ എന്നിവരെ ഒപ്പം വേദിയിലെത്തിച്ചും ആസനങ്ങള്‍ തുടര്‍ന്നു. ദുബൈ സ്പോട്സ് കൗണ്‍സിലിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. രണ്ട് സെഷനുകളിലായി നടന്ന പരിപാടിയില്‍ 25000 പേര്‍ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു.