അറബി എളുപ്പം പഠിക്കാം; ഓൺലൈൻ വീഡിയോ പ്രോഗ്രാമുമായി മലയാളി
|പ്രവാസികൾക്ക് ലളിതമായി അറബി ഭാഷ പഠിക്കുന്നതിനായി മലയാളി യുവാവ് തയ്യാറാക്കിയ ഓൺലൈൻ വീഡിയോ പ്രോഗ്രാം ശ്രദ്ധേയമാവുന്നു
പ്രവാസികൾക്ക് ലളിതമായി അറബി ഭാഷ പഠിക്കുന്നതിനായി മലയാളി യുവാവ് തയ്യാറാക്കിയ ഓൺലൈൻ വീഡിയോ പ്രോഗ്രാം ശ്രദ്ധേയമാവുന്നു. സൗദി അറേബ്യയിലെ മക്കയിൽ ജോലി ചെയ്യുന്ന മലപ്പുറം ആനക്കയം സ്വദേശി ഹസനാണ് 'ദ റോഡ് ടൂ സ്പീക്ക് അറബിക്' എന്ന പേരിൽ പഠന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
അറേബ്യൻ നാടുകളിൽ വസിക്കുന്ന പ്രവാസികൾക്കും കുടുംബിനികൾക്കും ഹജ്ജ്, ഉംറ തീര്ഥാടകർക്കും മറ്റും വീട്ടിലിരുന്ന് ഓൺലൈൻ വഴി അറബി പഠിക്കാൻ സഹായിക്കുന്ന ഏറ്റവും ലളിതമായ രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മക്കയിൽ ജോലി ചെയ്യുന്ന 27 വയസുകാരനായ ഹസൻ ആനക്കയം എന്ന ചെറുപ്പക്കാരനാണ് പൂർണമായും വീഡിയോ ചിത്രീകരണത്തിലൂടെ തയ്യാറാക്കിയ 'ദ റോഡ് ടൂ സ്പീക്ക് അറബിക്' പഠനപദ്ധതിയുടെ ആശയവും സംവിധാനവുമെല്ലാം നിർവഹിച്ചിരിക്കുന്നത്.
സൗദിഅറേബ്യ, ഈജിപ്ത്, സിറിയ, യമൻ, ജോർദാൻ, സുഡാൻ തുടങ്ങി പത്തോളം അറബ് രാജ്യങ്ങളിലെ പൗരന്മാരുമായുള്ള സംഭാഷണങ്ങൾ, പ്രവാസികൾ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളുടെയും വാചകങ്ങളുടെയും അവതരണം, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള വിശദീകരണങ്ങൾ എന്നിവ ഈ പഠന പദ്ധതിയുടെ പ്രത്യേകതകളാണ്.
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ റാങ്ക് ജേതാവ് കൂടിയായ ഷിഫ്ന മുഹമ്മദ്, മക്കയിൽ അറബി മീഡിയത്തിൽ പഠനം നടത്തുന്ന പ്ലസ് ടൂ വിദ്യാർത്ഥിയും ഖുർആൻ ഹാഫിളുമായ സഈദ് എന്നിവരുടെ അവതരണത്തിലൂടെയാണ് പാഠഭാഗങ്ങൾ കടന്നുപോവുന്നത്. കൂടാതെ പഠനത്തിലെ വിരസത ഒഴിവാക്കാൻ യുവ ഗായകരായ മെഹ്റിൻ, റബീഉള്ള പുൽപ്പറ്റ എന്നിവരുടെ അറബി കവിതാലാപനം, പൊതുവിജ്ഞാനം, ഇസ്ലാമിക് ക്വിസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. www.livespokenarabic.com എന്ന വെബ്സൈറ്റ് വഴി ആർക്കും ചെറിയ തുക മുടക്കി ഈ പഠന പദ്ധതിയിൽ അംഗങ്ങളാകാവുന്നതാണ്.