ഖത്തറിലെ വിദേശി തൊഴിലാളി നിയമത്തില്‍ ഉടന്‍ ഭേദഗതി
|പുതിയ നിയമത്തിന്റെ വിശദാംശങ്ങളും നടപ്പിലാക്കുന്ന രീതിയും വ്യക്തമാക്കുന്ന നിയമാവലിയാണ് തയാറാവുന്നത്.
ഖത്തറിലെ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്റെ ചട്ടങ്ങളും ഉപവ്യവസ്ഥകളും ഉടന്‍ തയാറാകുമെന്ന് പ്രാദേശിക പത്രം അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിയമത്തിന്റെ വിശദാംശങ്ങളും നടപ്പിലാക്കുന്ന രീതിയും വ്യക്തമാക്കുന്ന നിയമാവലിയാണ് തയാറാവുന്നത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15 നാണ് ഖത്തറിലെ വിദേശ തൊഴിലാളികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21 ാം നമ്പര്‍ നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ് മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ എന്ന് നിയമത്തിലെ 50ാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം 2016 ഡിസംബര്‍ 14നാണ് നിയമം പ്രാബല്യത്തിലാവുക. പഴയ സ്പോണ്‍സര്‍ഷിപ്പ് നിയമം പാടെ ഇല്ലാതാക്കുകയും തൊഴിലിലേര്‍പ്പെടുന്നതും ഖത്തറിലെ താമസവും മുഴുവനായും തൊഴിലുടമ-തൊഴിലാളി കരാറിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥ ചെയ്യുന്നതുമാണ് പുതിയ നിയമം.
ഇതിനു പകരമായി പൂര്‍ണമായും തൊഴില്‍കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധമെന്നാണ് നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെ വ്യക്തമാവാത്ത നിയമത്തിന്റെ വിശദാംശങ്ങളും നടപ്പാക്കുന്ന രീതിയും ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന ഉറപ്പാണ് ഇപ്പോള്‍ ലഭിച്ചത്.