ഖത്തര്‍ അമീറിന് ദോഹയില്‍ ജനകീയ സ്വീകരണം
|ദോഹ കോര്ണീഷിലൊരുക്കിയ സ്വീകരണ പരിപാടിയില്‍ സ്വദേശികളും വിദേശികളും തടിച്ചുകൂടി
യുഎന്‍ പൊതുസഭയെ അഭിമുഖീകരിച്ച് രാജ്യത്ത് തിരിച്ചെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ദോഹയില്‍ ജനകീയ സ്വീകരണം നല്കി . രാജ്യത്തിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായി നടത്തിയ വിദേശയാത്രയില്‍ ലോക നേതാക്കളുടെ മുമ്പാകെ നേരിട്ട് നിലപാടറിയിച്ചാണ് ഖത്തര്‍ അമീര്‍ തിരിച്ചെത്തിയത്. ദോഹ കോര്ണീഷിലൊരുക്കിയ സ്വീകരണ പരിപാടിയില്‍ സ്വദേശികളും വിദേശികളും തടിച്ചുകൂടി.
12 ദിവസം നീണ്ട് നിന്ന വിദേശ പര്യടനത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് പ്രൗഢ ഗംഭീര സ്വീകരണമാണ് ദോഹയില്‍ നല്‍കിയത് . വൈകിട്ട് ആറ് മണിയോടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ അമീറിന് രാജകുടുംബാംഗങ്ങളും മന്ത്രിമാരും സൈനിക-സുരക്ഷ മേധാവികളും മറ്റ് പ്രമുഖരും അടങ്ങിയ വലിയ സംഘം ആവേശകരമായ സ്വീകരണം നൽകി. 6 30 ഓടെ കോര്‍ണീഷിലെത്തി .സ്ത്രീകളും കുട്ടികളുമടക്കം സ്വദേശികളും വിദേശികളും നേരത്തെ തന്നെ കാത്തിരിപ്പ് തുടങ്ങിയിരുന്നു. കുട്ടികള്‍ പാട്ടുപാടിയാണ് അമീറിനെ വരവേറ്റത്.
'കുല്ലുനാ തമീം, കുല്ലുനാ ഖത്തർ, തമീം അൽമജ്ദ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്ന് പൊങ്ങി. ഇടക്ക് ജനക്കൂട്ടത്തിലേക്കിറങ്ങാനും ശൈഖ് തമീം സമയം കണ്ടെത്തി. അമീറിന്റെ ജ്യേഷ്ഠനും പ്രത്യേക പ്രതിനിധിയുമായ ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയാണ് അമീറിനെയും വഹിച്ചുള്ള വാഹനം ഓടിച്ചത്. ഖത്തർ പതാകയും അമീറിന്റെ 'തമീം അൽമജ്ദ്' ചിത്രങ്ങളുമായാണ് ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കാൻ കോർണിഷിൽ അണിനിരന്നത്.