ഖത്തറിനെ പിന്തുണച്ചു കൊണ്ടുള്ള യു.എൻ മനുഷ്യാവകാശ സമിതി റിപ്പോർട്ടിനെതിരെ ചതുര്രാഷ്ട്രങ്ങള്
|ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാനിടയാക്കിയ രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഒട്ടും ഉൾക്കൊള്ളാതെയാണ് യു.എൻ സമിതി വിലയിരുത്തൽ നടത്തിയതെന്നും അവർ കുറ്റപ്പെടുത്തി
ഗൾഫ് പ്രതിസന്ധിയിൽ ഖത്തറിനെ പിന്തുണച്ചു കൊണ്ടുള്ള യു.എൻ മനുഷ്യാവകാശ സമിതി റിപ്പോർട്ടിനെതിരെ യു.എ.ഇ ഉൾപ്പെടെ ചതുർരാഷ്ട്രങ്ങൾ രംഗത്ത്. ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാനിടയാക്കിയ രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഒട്ടും ഉൾക്കൊള്ളാതെയാണ് യു.എൻ സമിതി വിലയിരുത്തൽ നടത്തിയതെന്നും അവർ കുറ്റപ്പെടുത്തി. തെറ്റിദ്ധാരണാജനകമായ റിപ്പോർട്ട് പുന:പരിശോധിക്കണമെന്ന ആവശ്യവും രാജ്യങ്ങൾ മുന്നോട്ടു വെച്ചു.
കഴിഞ്ഞ നവംബറിലാണ് യു.എൻ മനുഷ്യാവകാശ സമിതി ഖത്തറിൽ സന്ദർശനം നടത്തി റിപ്പോർട്ട് തയാറാക്കിയത്. ഉപരോധ സമാനമായ സാഹചര്യം അടിച്ചേൽപിച്ചതിലൂടെ ചതുർ രാജ്യങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനമാണ് രാജ്യത്തോടും ജനതയോടും ചെയ്തതെന്നായിരുന്നു ഖത്തറിന്റെ പരാതി. ഏറെക്കുറെ ഇതിനെ പിന്തുണക്കുന്ന റിപ്പോർട്ടാണ് സമിതിയുടേതായി ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തീവ്രവാദത്തെ പിന്തുണക്കുന്ന നയനിലപാടുകളാണ് ഖത്തറുമായി അകന്നു നിൽക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന വസ്തുത സമിതി അംഗീകരിക്കാതെ പോയത് ഖേദകരമാണെന്ന് സൗദി അറേബ്യ, യു.എ.ഇ, ബഹറൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് നൽകിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു. യു.എൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ഖത്തർ മനുഷ്യാവകാശ സമിതി നടപടിയെയും ചതുർ രാജ്യങ്ങൾ വിമർശിച്ചു. രാഷ്ട്രീയ ഭിന്നത പരിഹരിക്കുന്നതിനു പകരം വസ്തുതാവിരുദ്ധമായ പ്രചാരവേലകളാണ് ഖത്തർ തുടരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.