പിഴ അടക്കാത്തതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടിലെത്തിച്ച മലയാളിയുടെ മൃതദേഹം മടക്കി
|തീപിടുത്തത്തില്‍ പൊള്ളലേറ്റ് മരിച്ച തിരുവനന്തപുരം സ്വദേശി രാജന്‍ വര്‍ഗീസിന്റെ മൃതദേഹമാണ് എയര്‍പോര്‍ട്ടില്‍ തടഞ്ഞത്
റോഡപകടക്കേസിലെ പിഴ അടക്കാത്തതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടിലെത്തിച്ച മലയാളിയുടെ മൃതദേഹം മടക്കി. സൌദിയിലെ ദമ്മാം എയര്‍പോര്‍ട്ടിലാണ് സംഭവം. തീപിടുത്തത്തില്‍ പൊള്ളലേറ്റ് മരിച്ച തിരുവനന്തപുരം സ്വദേശി രാജന്‍ വര്‍ഗീസിന്റെ മൃതദേഹമാണ് എയര്‍പോര്‍ട്ടില്‍ തടഞ്ഞത്. പിഴയടക്കാന്‍ മുന്‍പുണ്ടായ അപകടത്തിലെ എതിര്‍ കക്ഷി ആരാണെന്ന അന്വേഷണത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍.
താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിലാണ് തിരുവനന്തപുരം വെമ്പായം സ്വദേശി രാജന്‍ വര്‍ഗീസ് മരിച്ചത്. രാജന്റെത് അസ്വാഭാവിക മരണമായതിനാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് പോലീസ് പോസ്റ്റ്‌മോര്‍ട്ടവും തുടര്‍ അന്വേഷണവും പ്രഖ്യാപിച്ചതിനാല്‍ മൃതദേഹം നാട്ടിലയക്കുന്നത് നീണ്ടു . നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകാന്‍ എത്തിച്ച മൃതദേഹമാണ് എയര്‍പോര്‍ട്ടില്‍ തടഞ്ഞത്. മുന്‍പുണ്ടായ ഒരു റോഡപകട കേസില്‍ എതിര്‍ കക്ഷിക്ക് നല്‍കാനുള്ള പിഴ തുക രാജന്‍ അടച്ചിരുന്നില്ല. ഇതോടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാതിരുന്നതാണ് പ്രശ്നമായത്. സൗദി ദമ്മാം എയര്‍പോര്‍ട്ട് എമിഗ്രേഷനിലായിരുന്നു സംഭവം.
പഴയ കേസ് ഫയലുകള്‍ ട്രാഫിക് വിഭാഗം ഓഫീസില്‍ നിന്നും ശേഖരിച്ചെങ്കിലും എതിര്‍ കക്ഷിയായ സ്വദേശിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാജന്റെ പേരിലുള്ളത് വ്യകതികള്‍ തമ്മിലുള്ള കേസ് ആയതിനാല്‍ എതിര്‍ കക്ഷിയുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമെ ഇനി യാത്ര സാധ്യമാകൂ. രാജന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്‌പോണ്‍സറുടെ വിവരങ്ങള്‍ ശേഖരിച്ച് അത് മുഖേന കേസിലെ എതിര്‍ കക്ഷിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍.