യാത്രക്കാരെ വലക്കുന്നത് പതിവാക്കി എയര്‍ ഇന്ത്യ
|ഇന്നലെ ഷാര്‍ജ തിരുവനന്തപുരം വിമാനവും ഇന്ന് അബൂദബി തിരുവനന്തപുരം വിമാനവും 24 മണിക്കൂറിലേറെ വൈകിയാണ് യാത്രക്കാരെ വട്ടം കറക്കിയത്...
ഗള്‍ഫില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനങ്ങളുടെ സാങ്കേതിക തകരാറും വൈകിപ്പറക്കലും തുടര്‍ക്കഥയാകുന്നു. ഇന്നലെ ഷാര്‍ജ തിരുവനന്തപുരം വിമാനവും ഇന്ന് അബൂദബി തിരുവനന്തപുരം വിമാനവും 24 മണിക്കൂറിലേറെ വൈകിയാണ് യാത്രക്കാരെ വട്ടം കറക്കിയത്.
ശനിയാഴ്ച രാത്രി 9.10ന് അബൂദബിയില്‍ നിന്ന് പുറപ്പെടേണ്ട ഐഎക്‌സ് 538 വിമാനമാണ് 24 മണിക്കൂറിലേറെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചത്. സാങ്കേതിക തകരാറിന്റെ പേരില്‍ രണ്ട് വട്ടമാണ് വിമാനത്തില്‍ കയറിയ യാത്രക്കാരെ തിരിച്ചിറക്കിയത്. ശനിയാഴ്ച രാത്രി ഷെഡ്യൂള്‍ചെയ്ത സമയവും പിന്നിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിപ്പിച്ചത്.
ടേക്ക്ഓഫിന് തയാറെടുക്കവെ വിമാനം നിലച്ചു. ഏറെ സമയത്തെ അനിശ്ചിതത്വത്തനൊടുവില്‍ യാത്രക്കാരെ പുറത്തിറക്കി. ഇന്ന് വൈകുന്നേരം ആറിന് വീണ്ടും വിമാനത്തില്‍ കയറിയ യാത്രക്കാര്‍ക്ക് ഇതേ ദുര്‍വിധി. ഇതോടെ യാത്രക്കാര്‍ ശക്തമായ പ്രതിഷേധമാരംഭിച്ചു. അബൂദബി പൊലീസ് രംഗത്ത് എത്തിയാണ് യാത്രക്കാരെ അനുനയിപ്പിച്ച് താഴെ എത്തിച്ചത്. അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
ഞായറാഴ്ച് രാത്രി 9.10 ന് പുറപ്പെടുന്ന മറ്റൊരു വിമാനത്തില്‍ 156 യാത്രക്കാരെ കൊണ്ടുപോകും എന്നാണ് ഏറ്റവും ഒടുവില്‍ അറിയിപ്പുണ്ടായത്. ഇതോടെ ഈ വിമാനത്തില്‍ ടിക്കറ്റെടുത്ത മറ്റു യാത്രക്കാരുടെ കാര്യം അവതാളത്തിലായി. കഴിഞ്ഞദിവസം ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനവും 24 മണക്കൂര്‍ വൈകിയത് വലിയ ബഹളത്തിന് കാരണമായിരുന്നു.