യുഎഇയില്‍ വിസാ നടപടികള്‍ ഊര്‍ജ്ജിതമായി
|സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വിസക്ക് അപേക്ഷിക്കാന്‍ കഴിയാതിരുന്ന കമ്പനികളും തൊഴിലന്വേഷകരും ഇപ്പോള്‍ ആശ്വാസത്തിലാണ്
തൊഴില്‍വിസക്ക് നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തല്‍ക്കാലത്തേക്ക് പിന്‍വലിച്ചതോടെ യുഎഇയില്‍ വിസാ നടപടികള്‍ ഊര്‍ജ്ജിതമായി. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വിസക്ക് അപേക്ഷിക്കാന്‍ കഴിയാതിരുന്ന കമ്പനികളും തൊഴിലന്വേഷകരും ഇപ്പോള്‍ ആശ്വാസത്തിലാണ്.
സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിബന്ധന മരവിപ്പിച്ചതിന് തൊട്ടുപിന്നാലെ വിസാ സേവനകേന്ദ്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ജോലി ലഭിച്ചിട്ടും നാട്ടില്‍നിന്ന് സ്വഭാവസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ വിസാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതിരുന്ന നിരവധി കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും തീരുമാനം വലിയ ആശ്വാസമായി. കെട്ടികിടന്ന നിരവധി അപേക്ഷകളുമായാണ് കമ്പനി പി ആര്‍ ഓ മാര്‍ സേവനകേന്ദ്രങ്ങളിലേക്ക് എത്തിയത്.
ഫെബ്രുവരി നാല് മുതലാണ് തൊഴില്‍വിസക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ സ്വന്തം നാട്ടില്‍ നിന്ന് നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റോ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന നിബന്ധന നിലവില്‍ വന്നത്. നാട്ടില്‍ നിന്ന് യുഎഇയിലേക്ക് ജോലിക്ക് ശ്രമിക്കുന്നവരെയും ജോലി ലഭിച്ചവരെയും ഈ നിബന്ധന വല്ലാതെ വലച്ചിരുന്നു. ഇതിനിടെയാണ് നിബന്ധന ഏപ്രില്‍ ഒന്ന് മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പിന്‍വലിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഈ അവസരം പരമാവധി ഉപയോഗിക്കപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനികളും വിസാ അപേക്ഷകരും.