ജിസിസി രാജ്യങ്ങളുടെ ഉച്ചകോടി മാറ്റിവെച്ചു
|വൈറ്റ് ഹൗസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്
അടുത്ത മാസം ക്യാമ്പ് ഡേവിഡിൽ നടക്കേണ്ട ജിസിസി രാജ്യങ്ങളുടെ ഉച്ചകോടി മാറ്റിവെച്ചു. വൈറ്റ് ഹൗസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഖത്തറും ഗൾഫ് രാജ്യങ്ങളും തമ്മിൽ സമവായം രൂപപ്പെടാത്ത സാഹചര്യത്തിലാണിതെന്നാണ് വിവരം.
യു.എസ് പ്രസിഡന്റ് ട്രംപിന്റെ തിരക്കു കാരണമാണ് അടുത്ത മാസം പ്രഖ്യാപിച്ച ഉച്ചകോടി മാറ്റുന്നതെന്നാണ് വൈറ്റ് ഹൗസ് നൽകിയ ഔദ്യോഗിക വിശദീകരണം. ഉച്ചകോടിക്കു മുമ്പ് ഖത്തറും സൗദി അനുകൂല രാജ്യങ്ങളുമായുള്ള പ്രശ്നം പരിഹരിക്കണമെന്നും നേരത്തെ യു.എസ് ട്രംപ് നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഉച്ചകോടി മാറ്റിയെങ്കിലും ഖത്തറുമായുള്ള സൗദി അനുകൂല രാജ്യങ്ങളുടെ ഭിന്നത ഈ മാസം തന്നെ പരിഹരിക്കപ്പെടുമെന്നാണ് ട്രംപ് കരുതുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി സൗദി ഭരണാധികാരി സൽമാൻ രാജാവ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എന്നിവരെ ട്രംപ് ഫോണിൽ വിളിച്ച കാര്യവും വക്താവ് ചൂണ്ടിക്കാട്ടി. ഖത്തർ അമീറിനു പുറമെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുമായി ട്രംപ് ഈ മാസം വൈറ്റ് ഹൗസിൽ ചച്ച നടത്തും. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ മാസം ട്രംപുമായി ചർച്ച നടത്തിയിരുന്നു. ഭിന്നത ഉടൻ പരിഹരിക്കണം എന്ന നിർദേശം തന്നെയാണ് എല്ലാ ജി.സി.സി നേതാക്കൾക്കു മുമ്പാകെയും ട്രംപ് ഉന്നയിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചു.
2017 ജൂൺ 5 മുതലാണ് ഖത്തറുമായുള്ള എല്ലാ ബന്ധവും സൗദി, യു.എ.ഇ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾ വിഛേദിച്ചത്. കുവൈത്ത് അമീറിന്റെ മേൽനോട്ടത്തിലുള്ള സമവായ നീക്കങ്ങളും വേണ്ടത്ര വിജയിച്ചിരുന്നില്ല