അനധികൃത താമസക്കാര്‍ക്കെതിരെ നാടുകടത്തല്‍ നടപടി കടുപ്പിച്ചു കുവൈത്ത്
|കാൽ ലക്ഷം വിദേശികളെയാണ് ഇഖാമ നിയമം ലംഘിച്ചതിന്റെ പേരിൽ കഴിഞ്ഞ ഒമ്പതു മാസങ്ങൾക്കിടെ നാടുകടത്തിയത്
അനധികൃത താമസക്കാര്‍ക്കെതിരെ നാടുകടത്തൽ നടപടി കടുപ്പിച്ചു കുവൈത്ത്. കാൽ ലക്ഷം വിദേശികളെയാണ് ഇഖാമ നിയമം ലംഘിച്ചതിന്റെ പേരിൽ കഴിഞ്ഞ ഒമ്പതു മാസങ്ങൾക്കിടെ നാടുകടത്തിയത് . സുരക്ഷാ പരിശോധനകൾ വ്യാപിപ്പിച്ചതോടെ ഓരോ ദിവസവും 100 കണക്കിന് പേരാണ് നാടുകടത്തൽ കേന്ദ്രത്തിലേക്ക് അയക്കപ്പെടുന്നത് .
2016 ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ 25,913 വിദേശികളെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നാടുകടത്തിയത്. ഇവരില്‍ 6983 പേർ ഇന്ത്യക്കാരാണ് . സെപ്റ്റംബറില്‍ നാടുകടത്തപ്പെട്ട 1703 വിദേശികളിൽ 433 പേർ ഇന്ത്യക്കാരായിരുന്നു . ചെറിയ കാലയളവിനുള്ളിൽ ഇത്രയധികം പേര്‍ നാടുകടത്തപ്പെടുന്നത് രാജ്യചരിത്രത്തില്‍ ആദ്യമായണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2015ല്‍ 26,000 പേരെയാണ് പന്ത്രണ്ടു മാസങ്ങൾക്കുള്ളിൽ നാടുകടത്തിയത് . ഈവര്‍ഷം ഒമ്പത് മാസങ്ങള്‍ കൊണ്ടു തന്നെ എണ്ണം കാൽ ലക്ഷത്തിനു മുകളിലായി . പരിശോധനാകാമ്പയിൻ സജീവമാക്കിയതാണ് നാടുകടത്തൽ നടപടിക്ക് വിധേയമായവരുടെ എണ്ണം കൂടാൻ കാരണം.
വിരലടയാളം ശേഖരിച്ച ശേഷമാണ് മുഴുവൻ പേരെയും നാട്ടിലേക്ക് അയച്ചത്. ഇത് കാരണം ഒരിക്കൽ നാടുകടത്തപ്പെട്ടവർക്കു പിന്നീടൊരിക്കലും കുവൈത്തിലേക്ക് തിരിച്ചു വരാൻ സാധിക്കില്ല. താമസ രേഖകള്‍ കൈവശമില്ലാത്തവര്‍, വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതി ചേർക്കപ്പെട്ടു ഒളിവില്‍ കഴിയുന്നവര്‍, സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർ, സ്പോണ്‍സര്‍മാറി ജോലി ചെയ്തവര്‍ എന്നിവരാണ് റെയ്ഡില്‍ കൂടുതലായും പിടിയിലാകുന്നത് . 1,13,000 വിദേശികൾ രാജ്യത്ത് ഇഖാമകാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. ഇന്ത്യക്കാരാണ് ഇക്കൂട്ടത്തിൽ മുന്നിൽ . 28,000 ഇന്ത്യക്കാരാണ് മതിയായ രേഖകളില്ലാതെ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത്.