ഉപജീവനത്തിനുള്ള വഴി കടബാധ്യതയായി; നാട്ടില്‍ പോകാനാകാതെ കൊല്ലം സ്വദേശി
|രോഗങ്ങള്‍ കാരണം ജോലി ചെയ്യാന്‍ സാധിക്കുന്നില്ല... മരുന്നുകളും ഗുളികകളും മാത്രമാണ് കൂട്ട്.
പ്രവാസ ജീവിതം ചിലര്‍ക്ക് ബാക്കി വെക്കുന്നത് ദുരിതങ്ങള്‍ മാത്രമാണ്. ഉപജീവനം കണ്ടെത്താന്‍ തുടങ്ങിയ ചെറിയ സംരംഭം ഒരു വലിയ കടബാധ്യതയായിത്തീര്‍ന്ന് ബഹ് റൈനിലെ അലോഷ്യസ് ഏണസ്‌റ്റെന്ന പ്രവാസി നാട്ടിലെത്താന്‍ ഒരു മാര്‍ഗവുമില്ലാതെ ദുരിതത്തിലാണ്.
ഇത് അലോഷ്യസ് ഏണസ്റ്റ്. കൊല്ലം ജില്ലയിലെ കടവൂര്‍ സ്വദേശി. പ്രവാസ ഭൂമിയിലെ അനുഭവങ്ങള്‍ ഒടുവില്‍ ഇദ്ദേഹത്തിന് നല്‍കിയത് ഈ ദുരിത ജീവിതമാണ്. രോഗങ്ങള്‍ കാരണം ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടി ഈ ഇടുങ്ങിയ മുറിയില്‍ താമസം. മരുന്നുകളും ഗുളികകളും മാത്രമാണ് കൂട്ട്. എങ്ങിനെയെങ്കിലും നാട്ടിലേക്ക് പോകണം എന്ന ഒരൊറ്റ ആഗ്രഹമേയുള്ളൂ ഇദ്ദേഹത്തിന്. കടബാധ്യത കാരണം യാത്രാ നിരോധം നേരിട്ട് ഈ ഇടുങ്ങിയ മുറിയില്‍ കഴിയാനാണ് വിധി.
വടകര സ്വദേശിയെയും കൂട്ടി ആറു വര്‍ഷം മുമ്പ് ഒരു ബിസിനസ് സംരംഭം തുടങ്ങിയതാണ് കടബാധ്യതയില്‍ കലാശിച്ചത്. ഇദ്ദേഹം ബഹ് റൈനില്‍ വരുന്നത് 32 വര്‍ഷം മുമ്പാണ്. ഇപ്പോള്‍ നാട്ടില്‍ പോയി വന്നിട്ട് എട്ട് വര്‍ഷമായി. 3400 ദിനാറിന്റെ കടബാധ്യത തീര്‍ത്താലേ ഇദ്ദേഹത്തിന് നാട്ടില്‍ പോകാന്‍ കഴിയൂ. നാട്ടില്‍ അച്ഛനും അമ്മയും മരണപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകനായ സലാം മമ്പാട്ടുമൂല മാത്രമാണ് ഇപ്പോള്‍ സഹായത്തിനുള്ളത്. സുമനസുകളുടെ കാരുണ്യത്തോടെ കടബാധ്യത തീര്‍ത്ത് ഈ ദുരിതത്തില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയുന്ന ഒരു ദിവസം പ്രതീക്ഷിച്ച് കഴിയുകയാണ് ഈ വൃദ്ധന്‍.