Gulf
സല്‍മാന്‍ രാജാവിന് ഇന്തോനേഷ്യയില്‍ ജനകീയ സ്വീകരണംസല്‍മാന്‍ രാജാവിന് ഇന്തോനേഷ്യയില്‍ ജനകീയ സ്വീകരണം
Gulf

സല്‍മാന്‍ രാജാവിന് ഇന്തോനേഷ്യയില്‍ ജനകീയ സ്വീകരണം

Trainee
|
4 Jun 2018 12:27 PM GMT

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ കരാറുകള്‍ ഒപ്പുവെച്ചു

ഏഷ്യന്‍ പര്യടനത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യയിലെത്തിയ സല്‍മാന്‍ രാജാവിന് ഊഷ്മള സ്വീകരണം. ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകളുമായി തെരുവീഥികള്‍ കയ്യടക്കിയ പൊതുജനങ്ങള്‍ രാജാവിന് അഭിവാദ്യമര്‍പ്പിച്ചു. സൗദിയും ഇന്തോനേഷ്യയും നിരവധി സഹകരണ കരാറുകളും ഒപ്പുവെച്ചു. മലേഷ്യയില്‍ നിന്നും ബുധനാഴ്ച രാവിലെ ജകാര്‍ത്തയിലെത്തിയ രാജാവിനെ സ്വീകരിക്കാന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോകോ വൈദൂദ് വിമാനത്താവളത്തിലെത്തിയിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളിലെയും നിരവധി പ്രമുഖര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. സൗദിയുടെയും ഇന്തോനേഷ്യയുടെയും പതാകകള്‍ ഏന്തി രാജാവിന് അഭിവാദ്യമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ നിരത്തുകളില്‍ അണിനിരന്നതാണ് ഏറെ ശ്രദ്ധേയം.

കനത്ത മഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് അദ്ദേഹത്തെ അഭിവാദ്യം ചെയ്യാന്‍ തടിച്ചു കൂടിയത്. അസ്താന പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പ്രസിഡന്‍റ് ജോകോ വൈദൂദുതുമായി സല്‍മാന്‍ രാജാവ് പ്രത്യേക കൂടിക്കാഴ്ച നടത്തി. ഉഭയ കക്ഷി വിഷയങ്ങളും അറബ് ഇസ്ലാമിക രാജ്യങ്ങളിലെ പുതിയ സംഭവ വികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നിരവധി സഹകരണ കരാറുകളും ഒപ്പുവെച്ചു. സഹകരണ സമിതിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരാറില്‍ സൗദി വിദേശകാര്യ സഹമന്ത്രി ഡോ. നിസാര്‍ ഉബൈദ് മദനിയും ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി രത്നോ മാര്‍സോദിയും ഒപ്പുവെച്ചു.

സാംസ്കാരിക രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ സാംസ്കാരിക, വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ഡോ. ആദില്‍ അത്തുറൈഫിയും ഇന്തോനേഷ്യന്‍ സാംസ്കാരിക, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹാജിര്‍ അഫന്‍ദിയുമാണ് ഒപ്പുവെച്ചത്. സാമ്പത്തിക, വികസന മേഖലയിലെ സഹകരണം, ചെറുകിട സംരംഭ മേഖലയിലെ സഹകരണം, ഗതാഗതം, വിദ്യാഭ്യാസം, ഇസ്ലാമിക കാര്യം, കടല്‍ സമ്പത്ത്, കുറ്റകൃത്യം തടയല്‍ എന്നീ മേഖലയിലുള്ള സഹകരണത്തിനുള്ള കരാറുകളില്‍ വിവിധ വകുപ്പുമന്ത്രിമാരും ഒപ്പുവെച്ചു.

Similar Posts