വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റത്തിന് അനുമതി നൽകിയതിനെതിരെ അറബ് പ്രതിഷേധം
|ഡൊണാൾഡ് ട്രംപ് നൽകിയ രാഷ്ട്രീയ പിൻബലമാണ് കടുത്ത നടപടികളുമായി മുന്നോട്ടു പോകാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പ്രേരണ.
രണ്ടു പതിറ്റാണ്ടിനിപ്പുറം വെസ്റ്റ് ബാങ്കിൽ പുതിയ ജൂത കുടിയേറ്റത്തിന് അനുമതി നൽകിയ ഇസ്രായേൽ മന്ത്രിസഭാ തീരുമാനത്തിനെതിരെ അറബ് ലോകത്ത് പ്രതിഷേധം. ഫലസ്തീൻ ജനതയുടെ അവകാശം സംരക്ഷിക്കാൻ അന്തർദേശീയ സമൂഹം ശക്തമായി രംഗത്തു വരണമെന്ന ആവശ്യമാണ് അറബ് ലോകം മുന്നോട്ടുവെക്കുന്നത്.
വെസ്റ്റ് ബാങ്കിൽ പുതിയ കുടിയേറ്റത്തിന് അനുമതി നൽകിയതോടെ പശ്ചിമേഷ്യൻ സമാധാന ദൗത്യത്തെ തന്നെയാണ് ഇസ്രായേൽ വെല്ലുവിളിക്കുന്നതെന്ന് അറബ് രാഷ്ട്രങ്ങൾ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ജോർദാനിൽ ചേർന്ന അറബ് ലീഗ് ഉച്ചകോടി ഫലസ്തീൻ പ്രശ്ന പരിഹാരം അട്ടിമറിക്കാനുള്ള ഇസ്രായേൽ നീക്കത്തെ നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നൽകിയ രാഷ്ട്രീയ പിൻബലമാണ് കടുത്ത നടപടികളുമായി മുന്നോട്ടു പോകാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പ്രേരണ. ബറാക് ഒബാമയുടെ കാലത്ത് കുടിയേറ്റ പദ്ധതിയുമായി മുന്നോട്ടു പോകാൻ ഇസ്രായേൽ തുനിഞ്ഞിരുന്നില്ല.
ഐക്യരാഷ്ട്ര സംഘടന ഇസ്രായേൽ നീക്കത്തിനെതിരെ പ്രതികരിച്ചിട്ടുണ്ടെങ്കിലും വൻശക്തി രാജ്യങ്ങൾ പലതും മൗനം അവലംബിക്കുകയാണ്. ഫലസ്തീൻ അവകാശം കവരാനുള്ള നീക്കം ചെറുത്തു തോൽപിക്കണം എന്നാവശ്യപ്പെട്ട് മഹ്മൂദ് അബ്ബാസ് ഉൾപ്പെടെയുള്ള നേതാക്കൾ അറബ് ലോകത്തിന്റെ പിന്തുണ തേടി. 1991ലാണ് അവസാനമായി ഇസ്രായേൽ സുരക്ഷാ കാബിനറ്റ് പുതിയ കുടിയേറ്റത്തിന് അനുമതി നൽകുന്നത്. ഇസ്രായേൽ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കാവും വഴിയൊരുക്കുക.