യെമന്‍ പ്രതിസന്ധി: കുവൈത്തിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച ആരംഭിച്ചു
|യെമനില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് മുന്‍കൈ എടുത്തു നടത്തുന്ന സമാധാന ചര്‍ച്ചകള്‍ കുവൈത്തിലെ ബയാന്‍ പാലസില്‍ ആരംഭിച്ചു
യെമന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഐക്യസഭയുടെ ആഭിമുഖ്യത്തില്‍ കുവൈത്തില്‍ ചര്‍ച്ച തുടങ്ങി. യെമന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും ഹൂതി വിമതര്‍ക്കും ഒപ്പം സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അതി സങ്കീര്‍ണമായ മണിക്കൂറുകളാണ് മുന്നിലുള്ളതെന്ന് യു എന്‍ ദൂതന് ഇസ്മായില്‍ വലദ്ഷ ഷെയ്ഖ് പ്രസ്താവിച്ചു.
ഒരു വര്‍ഷത്തിലേറെയായി യെമനില്‍ തുടരുന്ന രാഷ്ട്രീയ അസ്ഥിരതക്കും ആഭ്യന്തര സംഘര്‍ഷത്തിനും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യ രാഷ്ട്ര സഭ സമാധാനചര്‍ച്ചക്ക് മുന്നിട്ടിറങ്ങിയത് കഴിഞ്ഞ തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന ചര്‍ച്ച ഹൂതികള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തില്‍ ആയിരുന്നു. സമ്മേളനം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സൗദി സഖ്യ സേന വെടി നിര്‍ത്തല്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഹൂതികള്‍ കുവൈത്തിലേക്കുള്ള യാത്ര മാറ്റിവെച്ചത്. ഇതോടെ ചര്‍ച്ചകള്‍ക്കായി നേരത്തെ കുവൈത്തിലെത്തിയ യെമന്‍ സര്‍ക്കാര്‍ പ്രതിനിധികളും പിന്മാറല് ഭീഷണി മുഴക്കിയിരുന്നു.
യു എന്‍ ദൂതന് ഇസ്മായില്‍ വലദ് ഷെയ്ഖ് നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഹൂത്തി പ്രതിനിധികള്‍ എത്തിയതോടെയാണ് ചര്‍ച്ച യാഥാര്‍ത്ഥ്യമായത്. വ്യാഴാഴ്ച വൈകീട്ട് ബയാന്‍ കൊട്ടാരത്തില്‍ ആരംഭിച്ച ചര്‍ച്ച ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാ ഖാലിദ് അല്‍ സബാ ഉദ്ഘാടനം ചെയ്തു അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിന് സൗദിയും ഹൂതികളും തമ്മില്‍ അനുരഞ്ജനമുണ്ടാക്കുന്നതിനാണ് ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കുക.
ജനവാസ പ്രദേശങ്ങളില്‍ നിന്ന് സായുധ സംഘങ്ങളെ പിന്‍വലിക്കുക, ആയുധങ്ങള്‍ അടിയറ വെക്കുക, തടവുകാരെ വിട്ടയക്കുക തുടങ്ങിയ നടപടികളും വിഷയമാകും അതി സങ്കീര്‍ണമായ മണിക്കൂറുകള്‍ ആണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ എത്രകണ്ട് ഗൗരവം ഉള്‍ക്കൊള്ളുന്നു എന്നതിനെ അനുസരിച്ചായിരിക്കും ചര്‍ച്ചയുടെ ഫലപ്രാപ്തി എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. യെമന്‍ പ്രസിടണ്ട് അബ്ദുല്‍ റബ് മന്‍സൂര്‍ അല്‍ ഹാദിക്കെതിരെ ഹൂതികള്‍ കലാപം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചത്. വ്യോമാക്രമണത്തിലും മറ്റുമായി ഇതുവരെ 6,200 ഓളം പേരാണ് കൊല്ലപ്പെട്ടത്.