Gulf
ജനുവരി ഒന്ന്​ മുതൽ യു.എ.ഇയിൽ ജല,വൈദ്യുതി ബില്ലിന്​ വാറ്റ് ഈടാക്കുംജനുവരി ഒന്ന്​ മുതൽ യു.എ.ഇയിൽ ജല,വൈദ്യുതി ബില്ലിന്​ വാറ്റ് ഈടാക്കും
Gulf

ജനുവരി ഒന്ന്​ മുതൽ യു.എ.ഇയിൽ ജല,വൈദ്യുതി ബില്ലിന്​ വാറ്റ് ഈടാക്കും

Jaisy
|
4 Jun 2018 6:44 PM GMT

ഫെഡറൽ നികുതി അതോറിറ്റിയുടെ വെബ്​സൈറ്റിൽ വൈദ്യുതിയും ജലവും വിതരണം ചെയ്യപ്പെടുന്ന ഉൽപന്നമായാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്

ജനുവരി ഒന്ന്​ മുതൽ യു.എ.ഇയിൽ ജല,വൈദ്യുതി ബില്ലിന്​ അഞ്ച്​ ശതമാനം മൂല്യവർധിതനികുതി ഈടാക്കും. ഫെഡറൽ നികുതി അതോറിറ്റിയുടെ വെബ്​സൈറ്റിൽ വൈദ്യുതിയും ജലവും വിതരണം ചെയ്യപ്പെടുന്ന ഉൽപന്നമായാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. അതിനാൽ രണ്ടിന്റെയും ഉപയോഗത്തിന്​ അഞ്ച്​ ശതമാനം വീതം വാറ്റ്​ അടക്കേണ്ടി വരും.

വാറ്റ്​ പ്രാബല്യത്തിലാകാൻ 35ഒാളം ബിസിനസ്​ ദിനങ്ങൾ മാത്രം ബാക്കിയിരിക്കെ ഫെഡറൽ ടാക്​സ്​ അതോറിറ്റി അന്തിമ വിശദാംശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്​. ഇതു സംബന്ധിച്ച പ്രസന്റേഷൻ കഴിഞ്ഞ ദിവസം എഫ്​.ടി.എ ദുബൈയിൽ അവതരിപ്പിക്കുകയും ചെയ്​തു. ഏതൊക്കെ ഉൽപന്നങ്ങളും സേവനങ്ങളും നികുതിയുടെ പരിധിയിൽ വരുമെന്നും ഏതിനൊക്കെ നികുതി ഇളവ്​ ലഭിക്കുമെന്നുമുള്ള പൂർണ വിവരമാണ്​ അതോറിറ്റി ലഭ്യമാക്കിയത്​.

പെട്രോൾ, ഡീസൽ, കാറുകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്​ ഉപകരണങ്ങൾ തുടങ്ങിയവ വാറ്റിന്റെ പരിധിയിൽ വരും. ഓൺലൈൻ ​വിൽപന നടത്തുന്നവരും വിൽപന വസ്തുക്കൾക്ക്​ വാറ്റ്​ ബാധകമാകുന്നുണ്ടെന്ന്​ ഉറപ്പാക്കണം.

സർക്കാർ പാഠ്യക്രമത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ട്യൂഷൻ ഫീസിന്​ പൂജ്യം ശതമാനമാണ്​ വാറ്റ്​. അതേസമയം സ്​കൂൾ യൂണിഫോമുകൾക്ക്​ വാറ്റ്​ ബാധകമാണ്​. വാറ്റ്​ ​പ്രാബല്യത്തിലാകുന്നതോടെ ജീവിതച്ചെലവ്​ 2.5 ശതമാനം വർധിക്കുമെന്നാണ്​ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്​.

2017 മാർച്ച്​ മധ്യത്തിലാണ്​ യു.എ.ഇയിൽ അഞ്ച്​ ശതമാനം മൂല്യവർധിത നികുതി (വാറ്റ്​) ഏർപ്പെടുത്തി ഫെഡറൽ നാഷനൽ കൗൺസിൽ കരട്​ നിയമം പുറപ്പെടുവിച്ചത്​. വാറ്റ്​ ബാധകമായ ഉൽപന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന 3.7 ലക്ഷം ദിർഹവും അതിന്​ മുകളിലും വാർഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും നികുതി അടക്കേണ്ടിവരും.

Related Tags :
Similar Posts