സംസം കിണർ നവീകരണം പൂർത്തിയായി
|തീർഥാടകർക്ക് ചൊവ്വാഴ്ചയാണ് മതാഫ് പൂർണമായും തുറന്നു കൊടുത്തത്
മക്കയിലെ സംസം കിണർ നവീകരണ ജോലി പൂർത്തിയായതോടെ മതാഫ് പൂർണമായും സാധാരണ ഗതിയിലായി . തീർഥാടകർക്ക് ചൊവ്വാഴ്ചയാണ് മതാഫ് പൂർണമായും തുറന്നു കൊടുത്തത് .
സൽമാൻ രാജാവിന്റെ നിർദ്ദേശത്തെ തുടർന്ന് സംസം നവീകരണം കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത് . സംസം കിണറിന്റെ പാർശ്വഭാഗം അണു വിമുത്മാക്കൽ, 120 മീറ്റർ നീളത്തിൽ അഞ്ച് സർവ്വീസ് ടണലുകൾ നിർമിക്കൽ, കിണറിന്റെ ഉറവിടം ചെറുകല്ലുകളുപയോഗിച്ച് ശുദ്ധീകരിക്കൽ എന്നിവയാണ് പൂർത്തിയാക്കിയ പദ്ധതികൾ. ഇത് കിണറിന്റെ ഉറവ വർധിപ്പിക്കുമെന്നാണ് കണക്ക് കൂട്ടൽ. 39 യന്ത്രങ്ങളും 791 തൊഴിലാളികളും പദ്ധതി അതി വേഗം തീർക്കാൻ സഹായികളായി. റമദാന് മുമ്പായി പണി തീർക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള ജോലികൾ പ്രഖ്യാപിച്ച സമയത്തിന് മുമ്പേ പദ്ധതി പൂർത്തീകരിച്ചു. മൂവായിരം ചതുരശ്ര മീറ്റർപ്പെടുന്ന മതാഫിലായിരുന്നു ജോലികൾ.
പ്രവൃത്തി സമയത്ത് മതാഫിലേക്കുള്ള പ്രവേശനം ഉംറ തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ചൊവ്വാഴ്ച അവസാനിച്ചു. ഇന്നത്തോടെ മതാഫ് പൂർണമായും സാധാരണ ഗതിയിലെത്തി. തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നടപ്പാക്കുന്ന ഇരുഹറം വികസന പദ്ധതികളിൽ ധനകാര്യ മന്ത്രാലയം ഏറ്റെടുത്ത പ്രധാനസംരംഭമായിരുന്നു മസ്ജിദുൽ ഹറാമിലെ സംസം നവീകരണം.