ഗള്‍ഫ് ബാങ്കുകളുടെ മൊബൈല്‍ ആപ്പ് ഏറ്റെടുത്ത് പ്രവാസികള്‍; നാട്ടിലേക്ക് പണമയക്കാന്‍ സര്‍വീസ് ചാര്‍ജില്ല
|നാട്ടിലേക്ക് പണമയക്കാന്‍ ഗള്‍ഫിലെ ബാങ്കുകള്‍ ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്രവാസികള്‍ക്കിടയില്‍ കൂടുതല്‍ ജനകീയമാവുന്നു.
നാട്ടിലേക്ക് പണമയക്കാന്‍ ഗള്‍ഫിലെ ബാങ്കുകള്‍ ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്രവാസികള്‍ക്കിടയില്‍ കൂടുതല്‍ ജനകീയമാവുന്നു. സൗജന്യമായി പണമയക്കാന്‍ സൗകര്യം ഒരുക്കുന്നു എന്ന് മാത്രമല്ല, കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഈ ആപ്ലിക്കേഷനുകള്‍.
നാട്ടിലേക്ക് പണമയക്കാന്‍ മണി എക്സ്ചേഞ്ചുകള്‍ക്ക് മുന്നില്‍ കാത്തുകെട്ടി കിടന്നിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഗള്‍ഫിലെ ബാങ്കുകള്‍ തന്നെയാണ് ഇപ്പോള്‍ നാട്ടിലേക്ക് പണമയക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സൗകര്യമൊരുക്കുന്നത്. ഒന്നു രണ്ട് മൊബൈല്‍ ക്ലിക്കുകള്‍ക്കുള്ളില്‍ നാട്ടിലെ അക്കൗണ്ടിലേക്ക് പണമെത്തും. പണമയക്കാന്‍ മണി എക്സ്ചേഞ്ചുകള്‍ വാങ്ങുന്ന സര്‍വീസ് ചാര്‍ജ് ബാങ്കുകള്‍ ഇപ്പോള്‍ ഈടാക്കുന്നുമില്ല. എക്സ്ചേഞ്ചുകള്‍ ഓരോ ഇടപാടിനും 15 ദിര്‍ഹമാണ് യുഎഇയില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. സര്‍വീസ് ചാര്‍ജ് ഇല്ല എന്നത് തന്നെ എക്സ്ചേഞ്ച് വിട്ട് ആപ്ലിക്കേഷനിലേക്ക് മാറാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ആപ്ലിക്കേഷന്‍ വഴി പണമയക്കുന്നവര്‍ക്ക് ബാങ്കുകള്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആപ്ലിക്കേഷന്‍ വഴിയോ ഓൺലൈന്‍ വഴിയോ ഇന്ത്യയിലേക്ക് ഡയറക്ട് റെമിറ്റന്‍സ് നടത്തിയാല്‍ പത്ത് ശതമാനം കാഷ്ബാക്കാണ് എമിറേറ്റ്സ് എന്‍ബി ഡി ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 14 മുതല്‍ 18 വരെ പണയക്കുന്നവര്‍ക്കാണ് ആനുകുല്യം. ആയിരം ദിര്‍ഹം അയച്ചാല്‍ നൂറ് ദിര്‍ഹം തിരികെ നല്‍കുമെന്നാണ് ബാങ്കിന്റെ ഓഫര്‍. സൗകര്യങ്ങള്‍ക്ക് പുറമെ ആനുകൂല്യങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് പണമയക്കുന്ന ആപ്ലിക്കേഷനുകള്‍ കൂടുതല്‍ ജനകീയമാവുകയാണ്.