Gulf
സൌദി ഓജര്‍ കമ്പനി ജൂലൈ 31ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുസൌദി ഓജര്‍ കമ്പനി ജൂലൈ 31ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
Gulf

സൌദി ഓജര്‍ കമ്പനി ജൂലൈ 31ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Khasida
|
5 Jun 2018 2:56 PM GMT

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സൌദി ഓജര്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

സൌദി അറേബ്യയിലെ പ്രമുഖ കരാര്‍ സ്ഥാപനമായ സൌദി ഓജര്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ജൂലൈ 31ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി അറിയിച്ച് ജീവനക്കാര്‍ക്ക് നോട്ടീസ് ലഭിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സൌദി ഓജര്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

തൊഴിലാളികളുടെ എണ്ണം കൊണ്ടും ഏറ്റെടുത്ത പദ്ധതികള്‍ കൊണ്ടും സൌദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് സൌദി ഓജര്‍. 1978 ല്‍ മുന്‍ ലബനാന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരി സ്ഥാപിച്ച കമ്പനിക്ക് സൌദിയുടെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തനമുണ്ട്. സര്‍ക്കാര്‍ പ്രൊജക്ടുകള്‍ ഉള്‍പ്പെടെ നിരവധി ഭീമന്‍ പദ്ധതികളാണ് സൌദി ഓജര്‍ നടപ്പാക്കിയത്. അതോടൊപ്പം രാജ്യത്തിന്‍റെ ഭരണ സിരാകേന്ദ്രം ഉള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെയും കൊട്ടാരങ്ങളുടെയും മെയിന്‍റന്‍സ് ജോലികളും സൌദി ഓജറാണ് നിര്‍വഹിച്ചത്.

2013 ഓടെ കമ്പനിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ സര്‍ക്കാര്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചത് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ശമ്പളം കിട്ടാതെ വന്നതോടെ 2016 ജൂലൈയില്‍ തൊഴിലാളികള്‍ പരസ്യമായി സമര രംഗത്ത് ഇറങ്ങി. ഇതോടെയാണ് കമ്പനിയുടെ പ്രതിസന്ധി ലോകം അറിഞ്ഞത്. സൌദി സര്‍ക്കാറും ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളും പ്രശ്നത്തില്‍ ഇടപെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംങ് നിരവധി തവണ സൌദിയിലെത്തി. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് അതിനവസരം നല്‍കുകയും അല്ലാത്തവര്‍ക്ക് കമ്പനി മാറാനും സൌദി അനുവാദം നല്‍കി. അറുപതിനായിരത്തോളം വരുന്ന തൊഴിലാളികളില്‍ ബഹുഭൂരിഭാഗം പേരും അവസരം ഉപയോഗപ്പെടുത്തി കമ്പനിയില്‍ നിന്നും മാറി. അവശേഷിക്കുന്ന എണ്ണായിരത്തോളം തൊഴിലാളികളുമായി മുന്നോട്ട് പോയ കമ്പനി ജൂണ്‍ മുപ്പതിന് പ്രവൃത്തികള്‍ അവസാനിപ്പിക്കും. ഇതര സ്ഥാപനങ്ങളിലേക്ക് ജോലി മാറാനും കമ്പനിയുടെ വസ്തുവകകള്‍ തിരിച്ചേല്‍പ്പിക്കാനും ജൂലൈ 31വരെ സമയം അനുവദിച്ച് സൌദി ഓജര്‍ ജീവനക്കാര്‍ക്ക് കത്ത് നല്‍കി കഴിഞ്ഞു.

Related Tags :
Similar Posts