ദുബൈ മറീനയില്‍ വീണ്ടും തീപിടുത്തം
|നാലുദിവസത്തിനിടെ ഈ മേഖലയില്‍ മൂന്നാം തവണയാണ് കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നത്
ദുബൈ മറീനയില്‍ വീണ്ടും തീപിടുത്തം. മറീനയിലെ ഹോട്ടല്‍ കെട്ടിടത്തിലാണ് ഇന്ന് തീപിടിച്ചത്. നാലുദിവസത്തിനിടെ ഈ മേഖലയില്‍ മൂന്നാം തവണയാണ് കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നത്.
ദുബൈയിലെ ആഢംബര താമസമേഖലയായ മറീന മേഖലയില്‍ കെട്ടിടങ്ങള്‍ തീപിടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ ടോര്‍ച്ച് ടവറിലുണ്ടായ വന്‍ തീപിടുത്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേയാണ് രണ്ട് കെട്ടിടങ്ങളില്‍ കൂടി തീപിടിച്ചത്. എവിടെയും ആളപായമില്ലാതെ യാത്രക്കാരെയും താമസക്കാരെയും ഒഴിപ്പിക്കാന്‍ സാധിച്ചു. മറീന മൂവ് ആന്‍ഡ് പിക്ക് ഹോട്ടലിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. ഹോട്ടലിലെ താമസക്കാരെ ഞൊടിയിടയില്‍ ഒഴിപ്പിക്കേണ്ടി വന്നു. സിവില്‍ഡിഫന്‍സിന്റെ അഗ്നിശമന വാഹനങ്ങള്‍ കുതിച്ചെത്തി തീ അണച്ചു. ടോര്‍ച്ച് ടവറിലെ തീപിടുത്തത്തിന് പിന്നാലെ മറീനാ പിനാക്കിളിലെ ടൈഗര്‍ ടവറിലും കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായി. വേനല്‍കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന ഗള്‍ഫില്‍ കൂറ്റന്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിനും അലങ്കാരത്തിനും ഉപയോഗിക്കുന്ന വസ്തുക്കളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ഇതോടെ വര്‍ധിച്ചിട്ടുണ്ട്.