വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയവർക്ക് യാത്രാവിലക്കേർപ്പെടുത്തുമെന്നു കുവൈത്ത്
|തവണ വ്യവസ്ഥയിൽ അടക്കാൻ അവസരം നൽകിയിട്ടും കുടിശ്ശിക അടക്കാത്തവർക്കാണ് യാത്രാവിലക്ക് നേരിടേണ്ടി വരിക
വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയവർക്ക് യാത്രാവിലക്കേർപ്പെടുത്തുമെന്നു കുവൈത്ത് ജലം വൈദ്യുതി മന്ത്രാലയം. തവണ വ്യവസ്ഥയിൽ അടക്കാൻ അവസരം നൽകിയിട്ടും കുടിശ്ശിക അടക്കാത്തവർക്കാണ് യാത്രാവിലക്ക് നേരിടേണ്ടി വരിക. മന്ത്രാലയത്തിലെ കൺസ്യൂമർ അഫയേഴ്സ് മേധാവി ഡോ മിഷൻ അൽ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത് .
വൈദ്യുതി ബില്ലിനത്തിൽ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വൻതുക മന്ത്രാലയത്തിന് ലഭിക്കാനുണ്ട് . കുടിശ്ശിക ഒന്നിച്ചടക്കുന്നത് പ്രയാസമാകുമെന്ന് കണ്ട് തവണ വ്യവസ്ഥയിൽ അടച്ചുതീർക്കുമെന്നാണ് ഇവർ മന്ത്രാലയവുമായുണ്ടാക്കിയ ഉടമ്പടി. എന്നാൽ, തവണ വ്യവസ്ഥയിൽ അടക്കുന്നതിലും വീഴ്ചവരുത്തിയ പശ്ചാത്തലത്തിലാണ് ശക്തമായ നടപടിയിലേക്ക് അധികൃതർ നീങ്ങുന്നത് . യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിന് പുറമെ ഇത്തരക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും തീരുമാനമുണ്ട്. യാത്രാവിലക്ക് നടപടികളിലേക്ക് നീങ്ങും മുൻപ് മൂന്നു മാസത്തെ സമയം അനുവദിക്കും . ഈ കാലത്തിനിടക്ക് തുക അടച്ചുതീർക്കാൻ മുന്നോട്ടുവരാത്തവർക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകും . അതിന് ശേഷവും ഉടമ്പടി പാലിക്കാത്ത വരിക്കാരെയാണ് യാത്രാ വിലക്കിലുൾപ്പെടുത്തുക. തുടർന്ന് കോടതി നടപടികളിലൂടെ സ്വത്ത് വകകളിൽ നിന്ന് കുടിശ്ശിക ഈടാക്കുമെന്നും വൈദ്യുതി മന്ത്രി കൂട്ടിച്ചേർത്തു.