ഖത്തര്‍-റഷ്യ സഹകരണം; പുതിയ രാഷ്ട്രീയ സന്ദേശം നല്‍കുന്നു
|പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഖത്തറും റഷ്യയും തമ്മിലുള്ള ചങ്ങാത്തത്തിന് വലിയ പ്രസക്തിയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍
ഗള്‍ഫ് പ്രതിസന്ധി തുടരുന്നതിനിടയില്‍ ഖത്തര്‍ അമീര്‍ നടത്തിയ റഷ്യാ സന്ദര്‍ശനവും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ട പുതിയ കരാറുകളും മേഖലയിലെ സുപ്രധാന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഖത്തറും റഷ്യയും തമ്മിലുള്ള ചങ്ങാത്തത്തിന് വലിയ പ്രസക്തിയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ഖത്തറില്‍ നിന്ന് അമേരിക്കന്‍ സൈനിക താവളം സൗദി അറേബ്യയിലേക്ക് മാറ്റുമെന്ന അഭ്യൂഹവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സൗദി കിരീടാവകാശിയുടെ അടുപ്പവും വാര്‍ത്തയായതിനു തൊട്ടു പിന്നാലെയാണ് ഖത്തര്‍ അമീര്‍ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി മോസ്‌കോയിലേക്ക് തിരിച്ചത്. അതോടെ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് കൊണ്ട് അമേരിക്കയുടെ വ്യോമതാവളം ഖത്തറില്‍ തന്നെ തുടരുമെന്ന് യു എസ് അധികൃതരുടെ വിശദീകരണവും വന്നു. 2018 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ സംഘാടകരായ റഷ്യയും 2022 ലെ ലോകകപ്പ് വേദി സ്വന്തമാക്കിയ ഖത്തറുമായുള്ള സഹകരണ കരാറാണ് അമീറിന്റെ സന്ദര്‍ശനത്തിനിടെ പ്രധാനമായി ഒപ്പുവെച്ചത് . നേരത്തെ ഖത്തര്‍ പ്രതിരോധ മന്ത്രിയും റഷ്യന്‍ പ്രതിരോധ മന്ത്രിയും തമ്മില്‍ പ്രതിരോധ കരാറിലും ഒപ്പുവെച്ചിരുന്നു. കൂടാതെ രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, വിദ്യാഭ്യാസ മേഖലകളിലും ഖത്തറും റഷ്യയും സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്നുണ്ട് . 2018 ഖത്തര്‍ റഷ്യ സാംസ്ക്കാരിക വര്‍ഷമായും ആചരിച്ചു വരികയാണ് .ലോകത്തെ വന്‍ശക്തികളിലൊന്നായ റഷ്യയുമായി പുതിയ സാഹചര്യത്തിലുള്ള ഖത്തറിന്റെ അടുപ്പം വ്യക്തമായ ചില രാഷ്ട്രീയ സൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം .
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ റഷ്യന്‍ സന്ദര്‍ശനം ഖത്തര്‍ റഷ്യ ബന്ധത്തില്‍ പുതിയ കാല്‍വെപ്പിന് തുടക്കമാകുമെന്നാണ് റഷ്യയിലെ ഖത്തര്‍ അംബാസഡര്‍ ഫഹദ് ബിന്‍ മുഹമ്മദ് അല്‍അത്വിയ്യ അഭിപ്രായപ്പെട്ടത് .ദോഹയുമായുള്ള മോസ്‌കോയുടെ സഹകരണം സുദൃഢമാണെന്നും സംയുക്ത സമിതി രൂപീകരിച്ച് സഹകരണം ഉറപ്പുവരുത്തുന്നതായും ഖത്തറിലെ റഷ്യന്‍ അംബാസഡര്‍ നൂറ് മുഹമ്മദ് ഖോലോഫും അറിയിച്ചു.