ഖത്തറുമായുള്ള അകൽച്ച പരിഹരിക്കാൻ വീണ്ടും ഊര്‍ജ്ജിത നീക്കം
|ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനില്‍ക്കുമ്പോഴും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുളള സമവായ നീക്കം വിജയം കാണുമെന്ന പ്രതീക്ഷ ശക്തമാണ്
ഖത്തറുമായുള്ള സൗദി അനുകൂല രാജ്യങ്ങളുടെ അകൽച്ച പരിഹരിക്കാൻ വീണ്ടും ഊര്‍ജ്ജിത നീക്കം. ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനില്‍ക്കുമ്പോഴും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുളള സമവായ നീക്കം വിജയം കാണുമെന്ന പ്രതീക്ഷ ശക്തമാണ്. ഈ മാസം തന്നെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നു തന്നെയാണ് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നത്.
ക്യാമ്പ് ഡേവിഡിൽ അടുത്ത മാസം നടക്കേണ്ട ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടി യു.എസ് പ്രസിഡന്റ് ട്രംപ് തന്നെ മാറ്റി വെച്ചെങ്കിലും സമവായ നീക്കങ്ങളിൽ നിന്ന് പിറകോട്ടില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് അമേരിക്ക. ഈ മാസം തന്നെ ഭിന്നത പരിഹരിക്കാൻ സാധിക്കുമെന്ന ട്രംപിന്റെ ഉറപ്പ് നടപ്പായേക്കും എന്ന സൂചനയാണ് വൈറ്റ്ഹൗസ് വക്താവും നൽകുന്നത്. ട്രംപിനു പുറമെ കുവൈത്ത് അമീറിന്റെ മധ്യസ്ഥ നീക്കങ്ങളും പുനരാരംഭിച്ചത് പ്രതീക്ഷ പകരുന്ന ഘടകമാണ്. സമവായനീക്കം കരുത്താർജിക്കുന്നതിന്റെ ഭാഗമായി പ്രധാന ഗൾഫ് നേതാക്കളുമായി ട്രംപ് ടെലിഫോണിൽ ബനധപ്പെട്ടു. അധികം വൈകാതെ തന്നെ ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു തന്നെയാണ് യു.എസ് ഭരണകൂടം വ്യക്തമാക്കുന്നത്.
പോയ വർഷം ജൂൺ അഞ്ചിനായിരുന്നു ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ സൗദി അറേബ്യ, യു.എ.ഇ,ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ തീരുമാനിച്ചത്. ഒരുമിച്ചു നിന്ന ഗൾഫ് രാജ്യങ്ങളുടെ കെട്ടുറപ്പാണ് അതോടെ തകർന്നത്. പശ്ചിമേഷ്യയിൽ ഇറാൻവിരുദ്ധ പക്ഷം വിപുലീകരിക്കാനും ഐക്യ ഗൾഫ് കൂട്ടായ്മ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് അമേരിക്ക. സിറിയ, യെമൻ, ലബനാൻ പ്രശ്നങ്ങൾ സങ്കീർണമാക്കുന്ന ഇറാനെ അമർച്ച ചെയ്യണമെന്ന കാര്യത്തിൽ ഗൾഫ് രാജ്യങ്ങളും ഏറെക്കുറെ അമേരിക്കക്കൊപ്പമാണ്.