ഖത്തറില്‍ നിക്ഷേപകരുടെ സംയുക്ത യോഗം സംഘടിപ്പിക്കുന്നു
|ബുധനാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിലാണ് യോഗം
ഒമാനി,ഖത്തരി സാമ്പത്തിക സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഗൾഫ് ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ കൺസൾട്ടിങ് ആഭിമുഖ്യത്തിൽ നിക്ഷേപകരുടെ സംയുക്ത യോഗം സംഘടിപ്പിക്കുന്നു. ബുധനാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിലാണ് യോഗം. മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസുകാരും നിക്ഷേപകരും യോഗത്തിൽ പങ്കെടുക്കും.
ജി.സി.സി രാഷ്ട്രങ്ങൾ തമ്മിലെ ഏകോപനവും വ്യവസായ,വാണിജ്യ സഹകരണവും വർധിപ്പിക്കുന്നതിനായുള്ള ജി.ഒ.ഐ.സിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് യോഗം. ഇരുരാഷ്ട്രങ്ങളിലെയും സാമ്പത്തിക വികസനം വർധിപ്പിക്കാൻ സഹായകരമാകും വിധം ബിസിനസുകാരും നിക്ഷേപകരും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുകയും യോഗത്തിന്റെ പ്രധാന ലക്ഷ്യമാണ്.
ഇരു രാഷ്ട്രങ്ങളിലെയും നിക്ഷേപാവസരങ്ങൾ, മേഖലകൾ, സ്വഭാവം എന്നിവ പ്രതിപാദിക്കുന്ന പ്രദർശനവും ഉണ്ടാകും. ഇതുവഴി യുവ സംരംഭകർക്ക് നൂതനാശയങ്ങൾ ആവിഷ്കരിക്കാനും മുതൽമുടക്കാനും സാധിക്കും. ഹെവി ഇൻഡസ്ട്രീസ്, ലോജിസ്റ്റിക്സ്, ടൂറിസം, സാങ്കേതികത, സോഫ്റ്റ്വെയർ, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റൽ മാനേജ്മെൻറ്, വാതകവും ഉപ ഉൽപന്നങ്ങളും, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യ സംസ്കരണം, കാർഷിക മേഖല തുടങ്ങിയ മേഖലകളിലെ നിക്ഷേപവും സഹകരണവുമാകും രണ്ട് ദിവസം നീളുന്ന യോഗത്തിൽ പ്രധാനമായും ചർച്ചയാവുക.