ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിനെ സൌദി മന്ത്രിസഭ അപലപിച്ചു
|ഇസ്രായേല്‍ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മന്ത്രിസഭ വിമര്‍ശിച്ചു
ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിനെ സൌദി മന്ത്രിസഭ അപലപിച്ചു. ഇസ്രായേല്‍ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മന്ത്രിസഭ വിമര്‍ശിച്ചു. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ മന്ത്രിസഭയില്‍ ചര്‍ച്ചയായി.
സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഫലസ്തീനിലെ സംഭവവികാസങ്ങള്‍ ചര്‍ച്ചക്കെടുത്തത്. ഫലസ്തീനിലെ ഗസ്സയിലും ഇതര പ്രദേശത്തും ഇസ്രായേല്‍ നടത്തുന്ന നടപടിയെ മന്ത്രിസഭ രൂക്ഷമായി അപലപിച്ചു. ഇസ്രയേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രിസഭ ഐക്യകണ്ഠേന പറഞ്ഞു. സിറിയയില്‍ രാസായുധം പ്രയോഗിച്ച ബശ്ശാര്‍ സര്‍ക്കാരിന്റെ നടപടിയിലും മന്ത്രിസഭ പ്രതിഷേധിച്ചു. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ സൗദി എണ്ണക്കപ്പലിന് നേരെ നടത്തിയ ആക്രമണം യോഗത്തില്‍ ചര്‍ച്ചയായി. ഇറാന്റെയും ഹൂതികളുടെയും നടപടി നേരിടാന്‍ സൈന്യത്തിന്റെ നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.കെനിയയില്‍ നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസ് സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. സൗദ ശൂറ കൗണ്‍സില്‍ മൂന്ന് മാസം മുമ്പ് റിക്രൂട്ടിങിന് അനുമതി നല്‍കിയിരുന്നു. ജിദ്ദയില്‍ വെച്ച് ഒരു വര്‍ഷം മുമ്പ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാറിന്‍െറ അടിസ്ഥാനത്തിലാണ് റിക്രൂട്ടിങ് ആരംഭിക്കുന്നതെന്നും മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു. കിരീടാവകാശിയുടെ അമേരിക്കന്‍, ഫ്രാന്‍സ് പര്യടനവും മന്ത്രിസഭ വിലയിരുത്തി.