കുവൈത്തിൽ 30 വയസിന് താഴെ പ്രായമുള്ള വിദേശി ബിരുദധാരികൾക്ക് റിക്രൂട്ട്മെന്റ് വിലക്ക്
|തൊഴിൽ പരിശീലനം നേടിയവരെ മാത്രം വിപണിയിൽ ലഭ്യമാക്കലും യോഗ്യരായ സ്വദേശികൾക്ക് അവസരം ഉറപ്പുവരുത്തലുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നു മാൻപവർ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു
കുവൈത്തിൽ 30 വയസിന് താഴെ പ്രായമുള്ള വിദേശി ബിരുദധാരികൾക്ക് ജൂലൈ മുതൽ റിക്രൂട്ട്മെന്റ് വിലക്ക് . തൊഴിൽ പരിശീലനം നേടിയവരെ മാത്രം വിപണിയിൽ ലഭ്യമാക്കലും യോഗ്യരായ സ്വദേശികൾക്ക് അവസരം ഉറപ്പുവരുത്തലുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നു മാൻപവർ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു .
വിദേശികളായ ബിരുധധാരികൾക്കു പ്രായപരിധി നിശ്ചയിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ജനുവരിയിൽ നിയമം പ്രാബല്യത്തിൽ വരുത്താനായിരുന്നു മാനവശേഷി അതോറിറ്റി തീരുമാനിച്ചിരുന്നത്.എന്നാൽ കൂടുതൽ പഠനങ്ങൾ ആവശ്യമായതിനെ തുടർന്ന് ഉത്തരവ് നടപ്പിലാക്കുന്നത് നീട്ടി വയ്ക്കുകയാണുണ്ടായത് .ജൂലൈയിൽ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ 30 വയസിന് താഴെ പ്രായമുള്ള വിദേശ ബിരുദധാരികൾക്ക് തൊഴിൽ വിസയിൽ രാജ്യത്തേക്ക് വരാൻ സാധിക്കില്ല. കൂടാതെ തൊഴിൽ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ തന്നെ ജോലി ചെയ്യാനുദ്ദേശിക്കുന്ന മേഖലയിലെ തൊഴിൽ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടിയും വരും. അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറച്ച് രാജ്യത്തെ തൊഴിൽ വിപണിയിൽ വ്യാപകമായ ക്രമീകരണം വരുത്താൻ ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ . കാലാവധി അവസാനിക്കുന്നതിന്റെ ആറ് മാസം മുമ്പ് വർക്ക് പെർമിറ്റ് പുതുക്കുന്ന പദ്ധതി നടന്നുകൊണ്ടിരിക്കുകയാണെന്ന് അതോറിറ്റി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.