ഖത്തറിലേക്ക് വിസാ രഹിത സന്ദര്‍ശനം; എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ നടപടി പ്രവാസികള്‍ക്ക് തിരിച്ചടിയായി
|പ്രായമായ മാതാപിതാക്കളെയടക്കം ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിക്കാന്‍ ലഭിച്ച അവസരമാണ് ഇതോടെ ഇല്ലാതാകുന്നത്
ഖത്തറിലേക്ക് വിസാ രഹിത സന്ദര്‍ശനം നടത്തുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ ഇന്ത്യന്‍ എമിഗ്രേഷന്‍ ബ്യൂറോയുടെ നടപടി സാധാരണ പ്രവാസികള്‍ക്ക് തിരിച്ചടിയായി. പ്രായമായ മാതാപിതാക്കളെയടക്കം ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിക്കാന്‍ ലഭിച്ച അവസരമാണ് ഇതോടെ ഇല്ലാതാകുന്നത്.
പാസ്‌പോര്‍ട്ടും മടക്ക ടിക്കറ്റും മാത്രമുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ തന്നെ ഒരു മാസത്തെ സന്ദര്‍ശനം അനുവദിച്ച ഖത്തര്‍ ഗവണ്‍മെന്റിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ഈ അവധിക്കാലത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയത്. പിന്നീട് 30 ദിവസത്തേക്കു കൂടി താമസാനുമതി പുതിക്കിയ പലരും രണ്ടു മാസത്തോളമാണ് ഖത്തറില്‍ തങ്ങിയിരുന്നത് . പതിറ്റാണ്ടുകളായി ബാച്ചിലര്‍ ജീവിതം നയിക്കുന്ന പ്രവാസികള്‍ക്ക് ഭാര്യമാരെ കൊണ്ടുവരാന്‍ ലഭിച്ച മികച്ച അവസരം കൂടിയായിരുന്നു വിസാ രഹിത സന്ദര്‍ശനം . എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് , കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കെത്തിയ പലരെയും തിരിച്ചയച്ചിരുന്നു. പാസ്‌പോര്‍ട്ടില്‍ ECNR രേഖപ്പെടുത്താത്തവര്‍ക്ക് വിസാരഹിത സന്ദര്‍ശനം അനുവദിക്കരുതെന്ന ബ്യൂറോ ഓഫ് എമിഗ്രേഷന്റെ തീരുമാനമാണ് ഇതിനു കാരണമായത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്നാണ് അറിയുന്നത്. ഈ തീരുമാനം പക്ഷെ സാധാരണ പ്രവാസികള്‍ക്കാണ് തിരിച്ചടിയായത് . പ്രായമായവരുടെ കാര്യത്തിലെങ്കിലും പുനരാലോചന വേണമെന്നാണ് പ്രവാസി ആക്ടിവിസ്റ്റുകളുടെ ആവശ്യം.
വിസാ രഹിത സന്ദര്‍ശനത്തെ പലരും ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടറാണ് ഇ സി ആര്‍ വിഭാഗത്തെ വിസാരഹിത യാത്രയില്‍ നിന്ന് വിലക്കാന്‍ ഉത്തവിട്ടത് .