സൗദി തലസ്ഥാന നഗരിയിലും കിഴക്കന്‍ പ്രവിശ്യയിലും മെയ് 10ന് അപകട മുന്നറിയിപ്പ് സൈറണ്‍ പരിശോധന നടക്കും
|ജനങ്ങള്‍ ഭീതിയിലകപ്പെടാതിരിക്കാനാണ് ദിവസവും സമയും മുന്‍കൂട്ടി അറിയിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ വിശദീകരിച്ചു
സൗദി തലസ്ഥാന നഗരിയിലും കിഴക്കന്‍ പ്രവിശ്യയിലും മെയ് പത്തിന് വ്യാഴാഴ്ച അപകട മുന്നറിയിപ്പ് സൈറണ്‍ പരിശോധന നടക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ജനങ്ങള്‍ ഭീതിയിലകപ്പെടാതിരിക്കാനാണ് ദിവസവും സമയും മുന്‍കൂട്ടി അറിയിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ വിശദീകരിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് ഒരേ സമയത്താണ് റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും സൈറണ്‍ പരിശോധന നടക്കുക. റിയാദ് നഗരത്തിന് പുറമെ മേഖലയുടെ കീഴിലുള്ള പട്ടണങ്ങളിലും സൈറണ്‍ പരിശോധന നടക്കും. അല്‍ഖര്‍ജ്, മുസഹമിയ്യ, ദറഇയ്യ പോലുള്ള നഗരത്തിന് പുറത്തുള്ള പട്ടണങ്ങളിലും സൈറണ്‍ കേള്‍ക്കാനാവും. രാജ്യത്തെ ബാധിക്കുന്ന എന്തെങ്കിലും അപകടമുണ്ടെങ്കില്‍ മുന്‍കൂട്ടി വിവരം നല്‍കാനുള്ള മുന്നറയിപ്പ് സൈറണുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇറാഖ്, ഗള്‍ഫ് യുദ്ധകാലത്ത് പ്രവര്‍ത്തിപ്പിച്ചിരുന്ന സൈറണുകള്‍ പിന്നീട് നിശ്ചലമായിരുന്നു. യമനില്‍ നിന്ന് ഹൂതി വിഘടനവാദികള്‍ കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചിരുന്നെങ്കിലും അതിനെക്കുറിച്ച് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയിരുന്നില്ല. അതേസമയം മിസൈലുകള്‍ സൗദി സൈന്യം വിജയകരമായി തകര്‍ത്തിടുകയും ചെയ്തിരുന്നു. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ മാനദണ്ഡത്തിന്റെ ഭാഗമായാണ് സൈറണ്‍ പരിശോധന നടത്തുന്നതെന്ന് സിവില്‍ ഡിഫന്‍സ് കൂട്ടിച്ചേര്‍ത്തു.