കുവൈത്തിൽ ഇക്കുറിയും ഈദുഗാഹുകൾക്കു വിലക്ക്
|സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി ഇക്കുറിയും പെരുന്നാൾ നമസ്കാരം പള്ളികളിൽ ആയിരിക്കുമെന്ന് ഔകാഫ് മന്ത്രാലയം അറിയിച്ചു
കുവൈത്തിൽ ഇക്കുറിയും ഈദുഗാഹുകൾക്കു വിലക്ക് . സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി ഇക്കുറിയും പെരുന്നാൾ നമസ്കാരം പള്ളികളിൽ ആയിരിക്കുമെന്ന് ഔകാഫ് മന്ത്രാലയം അറിയിച്ചു .
സുരക്ഷാകാരണങ്ങൾ മുൻ നിർത്തിയാണ് ഈ വർഷവും ഈദുഗാഹുകൾക്കു വിലക്കേർപ്പെടുത്തിയതെന്നു ഔഖാഫ്- ഇസ്ലാമിക കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് അൽ ഇമാദി പറഞ്ഞു. അതേസമയം, ഭാവിയിൽ രണ്ട് പെരുന്നാൾ നമസ്കാരങ്ങളും നേരത്തെയുണ്ടായിരുന്നതുപോലെ ഈദ് ഗാഹുകളിൽ നിർവഹിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയത്തിന്റെ സഹകരണത്തോടെ അതുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കും. പെരുന്നാൾ നമസ്കാരങ്ങൾ ഈദ് ഗാഹുകളിൽ നിർവഹിക്കണമെന്നമാണ് പ്രവാചകചര്യ.
മഴ ഉണ്ടായതിനാൽ പ്രവാചകൻ ഒരു പ്രാവശ്യം മാത്രമാണ് ഈദ് നമസ്കാരം പള്ളിയിൽ നിർവഹിച്ചത്. എന്നാൽ, ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് കഴിഞ്ഞ രണ്ട് വർഷങ്ങളായി പെരുന്നാൾ നമസ്കാരങ്ങൾ ഈദുഗാഹുകളിൽ വേണ്ടതില്ലെന്ന് തീരുമാനിച്ചത് . ഈദ്ഗാഹുകൾ സംഘടിപ്പിക്കപ്പെടുന്നില്ല എന്നുറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട് . പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിനെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്നും സുരക്ഷാ നടപടികൾ ശക്തമാക്കുമെന്നും ഔകാഫ് അണ്ടർ സെക്രട്ടറി പറഞ്ഞു .