ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് സൗദി ടെലികോം കമ്പനിയുടെ സേവനങ്ങള്‍ സഹ്റാനി ഗ്രൂപ്പിലൂടെ ലഭ്യമാവും
|ഇതു സംബന്ധിച്ച കരാറിൽ ഇരു കമ്പനികളും ഒപ്പ് വെച്ചു
ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് സൗദി ടെലികോം കമ്പനിയുടെ മുഴുവൻ സേവനങ്ങളും ഇനി മുതൽ ജിദ്ദയിലെ സഹ്റാനി ഗ്രൂപ്പിലൂടെ ലഭ്യമാവും. ഇതു സംബന്ധിച്ച കരാറിൽ ഇരു കമ്പനികളും ഒപ്പ് വെച്ചു. പുതിയ പദ്ധതിയിലൂടെ ഇരുന്നൂറോളം സ്വദേശികൾക്കു നേരിട്ട് ജോലി ലഭിക്കും.
വർഷങ്ങളുടെ പ്രവർത്തന പരിചയ സമ്പത്തുമായാണ് ജിദ്ദയിലെ സഹ്റാനി ഗ്രൂപ്പ് എസ്. ടി. സി സേവനരംഗത്തേക്ക് കടന്നുവരുന്നത്. തീർത്ഥാടകരുടെ സൗകര്യാർത്ഥം സേവനങ്ങൾ നൽകുന്നതിനായി ജിദ്ദ ഹജ്ജ് ടെർമിനൽ, കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം, ജിദ്ദ തുറമുഖം, യാമ്പു വിമാനത്താവളം, മക്ക, മദീന എന്നിവിടങ്ങളിൽ വിവിധ കൗണ്ടറുകളൊരുക്കും. സിം കാർഡ് വില്പന, റീ ചാര്‍ജിങ്, ഇന്റർനെറ്റ് സേവനം തുടങ്ങി എസ്. ടി. സിയുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും കൗണ്ടറുകളിൽ നിന്നും ലഭ്യമായിരിക്കും. വിവിധ രാജ്യങ്ങളിലെ കോൺസുലേറ്റുകളുമായി സഹകരിച്ചു അതാതു രാജ്യങ്ങളിലെ തീർത്ഥാടകർക്ക് മൊബൈൽ സിം കാർഡുകൾ നേരത്തെ വിതരണം ചെയ്യാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിച്ച കരാർ ഒപ്പുവെക്കൽ ചടങ്ങിൽ എസ്. ടി. സി ജനറൽ മാനേജർ അയ്മൻ ഗശ്ശാരി, ഹജ്ജ്, ഉംറ ഓപ്പറേഷൻ ഡയറക്ടർ മുഹമ്മദ് അൽ ഗൈദി, ഇന്റർനാഷണൽ സെയിൽസ് ഡയറക്ടർ മുഹമ്മദ് ഉമൈർ, സഹ്റാനി ഗ്രൂപ്പ് പ്രസിഡന്റ് യഹ്യ ഹുസ്സൈൻ അഹമ്മദ് അൽസഹ്റാനി, ജനറൽ മാനേജർ മാജിദ് യഹ്യ ഹുസ്സൈൻ അൽസഹ്റാനി മറ്റു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.