ഫലസ്തീന്‍ ജനതയുടെ വേദനയില്‍ പങ്കുചേര്‍ന്ന് ഖത്തറിലെ വിശ്വസികള്‍
|ഗസ്സയിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രര്‍ത്ഥനകളോടെയാണ് ഖതീബുമാര്‍ പെരുന്നാള്‍ പ്രഭാഷണം നിര്‍വ്വഹിച്ചത്
ചെറിയ പെരുന്നാള്‍ ആഘോഷത്തിനിടയിലും ഫലസ്തീന്‍ ജനതയുടെ വേദനയില്‍ പങ്കുചേര്‍ന്നാണ് ഖത്തറിലെ വിശ്വസികള്‍ ഈദുഗാഹുകളില്‍ നിന്ന് പിരിഞ്ഞത്. ഗസ്സയിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രര്‍ത്ഥനകളോടെയാണ് ഖതീബുമാര്‍ പെരുന്നാള്‍ പ്രഭാഷണം നിര്‍വ്വഹിച്ചത്.
കാലത്ത് കൃത്യം 4.58 ന് തന്നെ ഖത്തറിലെ മുഴുവന്‍ ഈദുഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. മൊത്തം 362 കേന്ദ്രങ്ങളാണ് ഈദ് നമസ്‌കാരത്തിനായി രാജ്യത്ത് സജ്ജീകരിച്ചിരുന്നത്. ഇതില്‍ 69 പള്ളികളിലും ഈദ്ഗാഹുകളിലും സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഖുതുബയുടെ മലയാള പരിഭാഷ നടന്ന ഈദ്ഗാഹുകളിലെല്ലാം സ്ത്രീകളടക്കം പ്രവാസി മലയാളികള്‍ സജീവ സാന്നിധ്യമായി.
പെരുന്നാള്‍ ഖുതുബകളില്‍ ഖതീബുമാര്‍ ഫലസ്തീന്‍ ജനതക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ആഘോഷത്തിനിടയില്‍ പീഡിതരെ മറക്കാതിരിക്കാന്‍ വിശ്വാസികളെ ഉണര്‍ത്തി. അല്‍സദ്ദ് ഈദ്ഗാഹില്‍ എം ഐ അസ്ലം തൗഫീഖാണ് ഖുതുബ പരിഭാഷ നിര്‍വ്വഹിച്ചത്. വേനല്‍ചൂട് പരിഗണിച്ച് പെരുന്നാള്‍ പ്രഭാഷണങ്ങള്‍ ദീര്‍ഘിപ്പിക്കാതിരിക്കാന്‍ ഔഖാഫ് മന്ത്രാലയം പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു.