പെരുന്നാള്‍ ദിനത്തില്‍ മൈലാഞ്ചി രാവൊരുക്കി ഖത്തറിലെ പ്രവാസി വനിതകള്‍
|മീഡിയവണ്‍ പതിനാലാം രാവ് ഷോയുടെ മുന്നോടിയായി നടന്ന ശാമേ മെഹന്ദി മൈലാഞ്ചി മത്സരത്തില്‍ സ്ത്രീകളും കുട്ടികളും സജീവമായി പങ്കാളികളായി
ദോഹയില്‍ മൈലാഞ്ചി രാവൊരുക്കിയാണ് ഖത്തറിലെ പ്രവാസി വനിതകള്‍ ചെറിയ പെരുന്നാളിനെ വരവേറ്റത്. മീഡിയവണ്‍ പതിനാലാം രാവ് ഷോയുടെ മുന്നോടിയായി നടന്ന ശാമേ മെഹന്ദി മൈലാഞ്ചി മത്സരത്തില്‍ സ്ത്രീകളും കുട്ടികളും സജീവമായി പങ്കാളികളായി.
പെരുന്നാള്‍ രാവില്‍ മൈലാഞ്ചിയണിഞ്ഞും പാട്ടുപാടിയും ദോഹയിലെ ലുബ്നാസ് ബൂട്ടിക്കിലാണ് ഖത്തറിലെ പ്രവാസി വനിതകള്‍ ഒത്തുചേര്‍ന്നത്. ശനിയാഴ്ച് ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന മീഡിയവണ്‍ പതിനാലാം രാവ് ഷോയുടെ മുന്നോടിയായാണ് ശാമെ മെഹന്ദി എന്നപേരില്‍ മൈലാഞ്ചി രാവ് ഒരുക്കിയത്. സ്ത്രീകള്‍ക്കൊപ്പം കുട്ടികളും മെഹന്ദി അണിയാനെത്തി. കൈകളില്‍ പുത്തന്‍ ഹെന്ന ട്രെന്റിനൊപ്പം അറേബ്യന്‍ ഡിസൈനുകളിലും മനോഹരമായ ചിത്രങ്ങള്‍ പിറന്നു. മത്സരത്തില്‍ ഹലീമത്ത് , സഫ അനസ് , മാജിദ മഹ്മൂദ് എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. കുട്ടികള്‍ നടത്തുന്ന നാടന്‍ തട്ടുകടയും ശാമെ മെഹന്ദിക്ക് ചാരുതയേകി. മലയാളി മോംസ് മിഡിലീസ്റ്റ് ദോഹയിലെ അല്‍ അന്ദുലുസ് കോമ്പൌണ്ടില്‍ ഒരുക്കിയ ഹെന്ന രാത്തും പെരുന്നാള്‍ രാവിനെ പൊലിമയുളളതാക്കി . പാട്ടും കൊട്ടും മത്സരങ്ങളുമായി നടത്തിയ പരിപാടിയില്‍ കുട്ടികളും വീട്ടമ്മമാരും സജീവമായാണ് പങ്കെടുത്തത്. മീഡിയവണിന്റെ പെരുന്നാള്‍ സമ്മാനമായാണ് പതിനാലാം രാവ് ഷോ ദോഹയില്‍ അരങ്ങേറുന്നത് .