ഇന്ത്യ-ഒമാൻ ഉഭയകക്ഷി വ്യാപാരത്തിൽ വര്‍ദ്ധന
|2016-17 സാമ്പത്തിക വർഷം നാല് ശതകോടി ഡോളർ ആയിരുന്നത് നടപ്പ് സാമ്പത്തിക വർഷം 6.7 ശതകോടി ഡോളറായാണ് ഉയർന്നത്
ഇന്ത്യ,ഒമാൻ ഉഭയകക്ഷി വ്യാപാരത്തിൽ ഒരു വർഷത്തിനുള്ളിൽ 69 ശതമാനത്തിന്റെ വർധന. 2016-17 സാമ്പത്തിക വർഷം നാല് ശതകോടി ഡോളർ ആയിരുന്നത് നടപ്പ് സാമ്പത്തിക വർഷം 6.7 ശതകോടി ഡോളറായാണ് ഉയർന്നത്.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള എക്കാലത്തെയും ഉയർന്ന ഉഭയകക്ഷി വ്യാപാര നിരക്കാണ് ഇതെന്ന് ഇന്ത്യൻ സർക്കാരിന്റെ കണക്കുകൾ പറയുന്നു. എണ്ണവിലയിലെ വർധനവിനൊപ്പം ഇറക്കുമതിയിലെ വര്‍ദ്ധനവുമാണ് വ്യാപാര മൂല്യം കൂടാൻ പ്രധാന കാരണം. ഉഭയകക്ഷി വ്യാപാരത്തിലെ വർധനവിൽ സന്തോഷമുണ്ടെന്ന് അംബാസഡർ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു.
ഒമാനിലേക്കുള്ള കയറ്റുമതി ഉൽപന്നങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതടക്കം നടപടികൾ ഭാവിയിൽ ഉണ്ടാകും. ഇരു രാഷ്ട്രങ്ങളിലെയും ബിസിനസുകാർ തമ്മിലെ സഹകരണം വർധിപ്പിക്കുന്നതിലും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലും മസ്കത്ത് ഇന്ത്യൻ എംബസി സുപ്രധാന പങ്കാണ് വഹിച്ചുവരുന്നത്. നിക്ഷേപകരുടെ ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള സന്ദർശനത്തിന് എംബസി മുൻകയ്യെടുത്ത് വരുന്നുണ്ട്.