റഷ്യന്‍ ഗാലറികളെ അനുസ്മരിപ്പിക്കുന്ന ഫാന്‍സോണുകളുമായി ഖത്തര്‍
|ലോകകപ്പ് ടീമുകളുടെ ജെഴ്‌സി മുതല്‍ സ്വര്‍ണ്ണകപ്പ് വരെ ഫാന്‍ സോണിലെത്തുന്നവര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രത്യേക സ്റ്റുഡിയോയിലെത്തി കപ്പുയര്‍ത്തിയാല്‍ മെയിലില്‍ ചിത്രങ്ങള്‍ അയച്ചു തരും.
ലോകകപ്പ് റഷ്യയിലാണെങ്കിലും 2022 ലെ ലോകകപ്പിനായി കാത്തിരിക്കുന്ന ഖത്തര്‍, ഫാന്‍സോണ്‍ ഒരുക്കിയാണ് ഫുട്‌ബോള്‍ ആവേശം ആരാധകരിലേക്കെത്തിക്കുന്നത്. സാങ്കേതികത്തികവോടെ മുഴുവന്‍ കളികളും പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം, റഷ്യയിലെ ഗാലറികളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അല്‍സദ്ദിലെ അലി ബിന്‍ ഹമദ് അല്‍ അതിയ്യ അറീനയിലെ മെഗാസ്‌ക്രീനില്‍ ലോകകപ്പിലെ മുഴുവന്‍ മത്സരങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിസ്മയങ്ങളുടെ ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്ന സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ഖത്തര്‍ ടൂറിസം അതോറിട്ടിയും കൈകോര്‍ത്താണ് ഡെലിവര്‍ അമേസിംഗ് പദ്ധതിയുടെ ഭാഗമായി ഖത്തര്‍ ഫാന്‍ സോണ്‍ സംവിധാനിച്ചിരിക്കുന്നത്. കളികാണുന്നവര്‍ക്കായി പലതരം ഇരിപ്പിടങ്ങളും ഗാലറിയുമാണിവിടെ സംവിധാനിച്ചിരിക്കുന്നത്. റഷ്യന്‍ ലോകകപ്പില്‍ നിന്ന് ഖത്തറിന് പകര്‍ത്താനുള്ളത് മനസ്സിലാക്കാനായി വിവിധ കമ്മ്യൂണിറ്റികളുടെ പ്രതിനിധികളെ റഷ്യയിലേക്ക് അയച്ച് കാത്തിരിക്കുകയാണ് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി.
ലോകകപ്പ് ടീമുകളുടെ ജെഴ്‌സി മുതല്‍ സ്വര്‍ണ്ണകപ്പ് വരെ ഫാന്‍ സോണിലെത്തുന്നവര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രത്യേക സ്റ്റുഡിയോയിലെത്തി കപ്പുയര്‍ത്തിയാല്‍ മെയിലില്‍ ചിത്രങ്ങള്‍ അയച്ചു തരും. വര്‍ണ്ണവെളിച്ചവും ഡിജിറ്റല്‍ ശബ്ദക്രമീകരണവും ചേരുമ്പോള്‍ റഷ്യയിലെ ലോകകപ്പ് ഗാലറിയില്‍ തന്നെയാണോ എന്ന് സംശയിച്ചു പോകും . അല്‍അത്വിയ്യ അറിനക്കു പുറമെ, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, ഹമദ് രാജ്യാന്തര വിമാനത്താവളം, കതാറ എന്നിവിടങ്ങളിലും ഫാന്‍സോണുകള്‍ ഒരുക്കിയിട്ടുണ്ട്. ജൂലൈ 15 വരെ ഇവിടങ്ങളില്‍ ഉത്സവപ്രതീതിയായിരിക്കും