ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്തത് ചൈനയിലേക്ക്
|മെയ് മാസത്തിലെ മൊത്തം കയറ്റുമതിയുടെ 73.9 ശതമാനവും ചൈനയിലേക്കായിരുന്നു
കഴിഞ്ഞ മാസം ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്തത് ചൈനയിലേക്ക്. മെയ് മാസത്തിലെ മൊത്തം കയറ്റുമതിയുടെ 73.9 ശതമാനവും ചൈനയിലേക്കായിരുന്നു.
ജപ്പാനിലേക്ക് 4.21 ശതമാനവും ഇന്ത്യയിലേക്ക് 2.89 ശതമാനവുമാണ് കയറ്റി അയച്ചതെന്ന് എണ്ണ,പ്രകൃതി വാതക മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മെയ് മാസത്തിൽ എണ്ണവിലയിൽ വർധനവുണ്ടായത് ഉൽപാദക രാജ്യങ്ങൾക്ക് അനുഗ്രഹമായി. ഏപ്രിലിനെ അപേക്ഷിച്ച് ആഗോള എണ്ണ വിപണിയിൽ 3.66ശതമാനം വർധനയുണ്ടായി. ഒമാൻ അസംസ്കൃത എണ്ണയുടെ വില ദുബൈ മർക്കന്റൈൽ എക്സ്ചേഞ്ചിൽ 8.9 ശതമാനമാണ് വർധിച്ചത്. ലോക മാർക്കറ്റിലെ എണ്ണ വില ബാരലിന് 70.51 ഡോളറിനും 77.33 ഡോളറിനും ഇടയിലെത്തി. മെയ് മാസത്തിൽ എണ്ണ വില വർധിക്കാൻ നിരവധി കാരണമുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് പിൻമാറിയതാണ് പ്രധാന കാരണം. അതോടൊപ്പം ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനം കുറച്ചതും എണ്ണ വില വർധിക്കാൻ കാരണമായി. എണ്ണവില വർദ്ധിക്കുന്നത് ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.