ഷാര്‍ജയ്ക്ക് ഇശലുകളുടെ മൊഞ്ചേറും രാത്രി; പെരുന്നാള്‍ സമ്മാനമായി ‘പതിനാലാംരാവ്’
|ഗാനരചയിതാക്കള്‍ യഹ്യ തളങ്കര, ഷൂക്കൂര്‍ ഉടുമ്പുഞ്ചോല, ഗായികയും സംഗീതസംവിധായകുമായ മുക്കം സാജിദ, ദുബൈയിലെ എടരിക്കോട് കോല്‍ക്കളി സംഘം എന്നിവരെ ചടങ്ങില്‍ ആദരിച്ചു
ഷാര്‍ജ നഗരത്തിന് പുതുമചോരാത്ത ഇശലുകളുടെ മൊഞ്ചേറും രാത്രി സമ്മാനിച്ച് മീഡിയവണ്‍ പതിനാലാംരാവ് പെരുന്നാള്‍മേളം. ഷാര്‍ജ എക്സ്പോസെന്ററില് ആയിരക്കണക്കിന് പേരാണ് പെരുന്നാള്‍മേളം ആസ്വദിക്കാനെത്തിയത്.
തനിമയും പുതുമയും ഒത്ത മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ നിലക്കാതെ പെയ്തിറങ്ങിയ നാലരമണിക്കൂര്‍. ഷാര്‍ജ എക്സ്പോ സെന്ററില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങള്‍ക്ക് മാപ്പിളഗാന ശാഖയുടെ ചരിത്രവഴികളെ കൂടി പരിചയപ്പെടുത്തിയായിരുന്നു പതിനാലാം രാവിന്റെ യാമങ്ങള്‍ പിന്നിട്ടത്.
ഷാര്‍ജ ഡെവലപ്മെന്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ചെയര്മാന് സുല്‍ത്താന്‍ അല്‍ ശംസി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസ ലോകത്ത് നിന്ന് മാപ്പിളകലകള്‍ക്ക് മികവുന്ന സംഭാവനകള്‍ നല്കിയ ഗാനരചയിതാക്കള്‍ യഹ്യ തളങ്കര, ഷൂക്കൂര്‍ ഉടുമ്പുഞ്ചോല, ഗായികയും സംഗീതസംവിധായകുമായ മുക്കം സാജിദ, ദുബൈയിലെ എടരിക്കോട് കോല്‍ക്കളി സംഘം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ആസ്റ്റര്‍ സി എം ഡി ഡോ. ആസാദ് മൂപ്പന്, സബീല്‍ അഡിമിനസ്ട്രേററ്റര് ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍, സീബ്രീസ് എം ഡി റഷീല്‍ പുളിക്കല്‍, മീഡിയവണ്‍ ഡെപ്യൂട്ടി സി ഇ ഒ എം സാജിദ്, മിഡീലീസ്റ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് റോഷന്, ഡയറക്ടര്‍ വി പി അബു, ചീഫ് ജനറല്‍ മാനേജര്‍ മാത്യൂ , എക്സിക്ടൂടീവ് കമ്മിറ്റി ചെയര്മാന് ബിശ്റുദ്ദീന് ശര്‍ഖി, മാധ്യമം സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഹാരിസ് വള്ളില്‍ തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ കൈമാറി.
എല്ലാ അര്‍ഥത്തിലും യു എ ഇയിലെ പ്രവാസികള്‍ക്കുള്ള മീഡിയവണ്ണിന്റെ പെരുന്നാള്‍ സമ്മാനമായിരുന്നു പതിനാലാംരാവ്.