Gulf
വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി; സൌദിയില്‍ പകുതിയോളം ഡ്രൈവര്‍മാര്‍ക്ക് പണി പോകും
Gulf

വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി; സൌദിയില്‍ പകുതിയോളം ഡ്രൈവര്‍മാര്‍ക്ക് പണി പോകും

Web Desk
|
25 Jun 2018 2:31 AM GMT

വനിതകളെ ജോലിസ്ഥലത്ത് എത്തിക്കാനും കുട്ടികളെ സ്കൂളിലെത്തിക്കാനുമാണ് ഭൂരിഭാഗം പേരും ഹൌസ് ഡ്രൈവര്‍മാരെ നിയമിച്ചിട്ടുള്ളത്

വനിതകള്‍ വാഹനവുമായി നിരത്തിലിറങ്ങിയതോടെ സൌദിയിലെ പകുതിയോളം ഹൌസ് ഡ്രൈവര്‍മാര്‍ക്ക് ജോലിയുപേക്ഷിക്കേണ്ടി വരും. വനിതകളെ ജോലിസ്ഥലത്ത് എത്തിക്കാനും കുട്ടികളെ സ്കൂളിലെത്തിക്കാനുമാണ് ഭൂരിഭാഗം പേരും ഹൌസ് ഡ്രൈവര്‍മാരെ നിയമിച്ചിട്ടുള്ളത്. പുതിയ സാഹചര്യത്തില്‍ ഇത് വിദേശി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയാകും.

സൌദിയിലാകെയുള്ള ഹൌസ് ഡ്രൈവര്‍മാരുടെ എണ്ണം പത്ത് ലക്ഷത്തിലേറെ വരും. സ്വദേശി കുടുംബങ്ങളുടെ ബജറ്റില്‍ നല്ലൊരു തുക നീക്കി വെക്കുന്നുണ്ട് ഹൌസ് ഡ്രൈവര്‍മാര്‍ക്കും വീട്ടു ജോലിക്കാര്‍ക്കും. 33 ബില്യന്‍ റിയാല്‍ രാജ്യത്ത് ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. വനിതകള്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിസന്ധിയിലാണ് ഭൂരിഭാഗം ഹൌസ് ഡ്രൈവര്‍മാരും. 50 ശതമാനത്തോളം ഹൗസ് ഡ്രൈവര്‍മാരുടെ സേവനത്തില്‍ നിന്ന് സ്വദേശി കുടുംബങ്ങള്‍ പിന്മാറുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ പറയുന്നു. ഇതിന് അടിവരയിടുന്നു സൌദി കുടുംബിനികള്‍.

വനിതകളുടെ ബുദ്ധിമുട്ട് മാത്രം കരുതിയാണ് ഭൂരിഭാഗം പുരുഷന്‍മാരും ഡ്രൈവര്‍മാരെ നിയോഗിച്ചത്. ജോലി സ്ഥലത്തേക്കും സ്കൂളിലേക്കും ചെറിയ ദൂരം മാത്രമായതിനാല്‍ അതിന് വേണ്ടി മാത്രം ഡ്രൈവര്‍മാരെ നില നിര്‍ത്തേണ്ടയെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. വിദേശ ഹൌസ് ഡ്രൈവര്‍മാരെ പിരിച്ചു വിടുന്നതോടെ ദേശീയ ആളോഹരി വരുമാനം വര്‍ധിക്കും.

Related Tags :
Similar Posts