ഫുട്ബോള്‍ ആരാധകരെ 2022 ല്‍ ദോഹയിലേക്ക് ക്ഷണിക്കാനായി ലോകകപ്പ് കാണാന്‍ പോയ മലയാളി
|ഡ്യൂട്ടിക്കിടയില്‍ ലഭിച്ച അഞ്ച് ദിവസത്തെ അവധിയില്‍ ലോകകപ്പ് കാണാന്‍ റഷ്യയിലേക്ക് പോയ ഒരു കാസര്‍ഗോഡുകാരന്‍, ഉറക്കം പോലും ഉപേക്ഷിച്ച് തുടര്‍ച്ചയായിദ്ദേഹം യാത്ര ചെയ്തത് മണിക്കൂറുകളാണ്
ഡ്യൂട്ടിക്കിടയില്‍ ലഭിച്ച അഞ്ച് ദിവസത്തെ അവധിയില്‍ ലോകകപ്പ് കാണാന്‍ റഷ്യയിലേക്ക് തിരിച്ച ഒരു കാസര്‍ഗോഡുകാരനെ പരിചയപ്പെടാം, ഖത്തറില്‍ നിന്ന്. ഇഷ്ടടീമുകളുടെ മൂന്ന് മത്സരങ്ങള്‍ നേരില്‍ കണ്ടും, ഫുട്‌ബോള്‍ ആരാധകരെ 2022 ല്‍ ഖത്തറിലേക്ക് ക്ഷണിച്ചും അഞ്ചാം ദിനം ഇദ്ദേഹം ദോഹയില്‍ തിരിച്ചെത്തി.
പെരുന്നാള്‍ അവധി ദിനങ്ങളിലാണ് കാസര്‍കോഡ് വിദ്യാനഗര്‍ സ്വദേശിയായ അബ്ദുല്‍ ഖാദര്‍ ഖത്തറില്‍ നിന്ന് നേരെ റഷ്യയിലേക്ക് തിരിച്ചത്. ലോകകപ്പില്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പേര്‍ച്ചുഗലിന്റെയും കളി കണ്ട് അഞ്ചാം ദിനം ഖത്തറില്‍ ഡ്യൂട്ടിക്ക് ഹാജരാവുകയും ചെയ്തു. ഇതിനിടയില്‍ ഉറക്കം പോലും ഉപേക്ഷിച്ച് തുടര്‍ച്ചയായിദ്ദേഹം യാത്ര ചെയ്തത് മണിക്കൂറുകളാണ്.
റഷ്യയിലെത്തിയ ശേഷം മൂന്ന് സ്റ്റേഡിയങ്ങള്‍ക്കിടിയില്‍ 1500 കിലോ മീറ്ററുകളോളം ടാക്‌സിയിലും ട്രെയിനിലും യാത്ര ചെയ്തു. ഇതിനു പുറമെ 24 കിലോമീറ്ററുകളോളം നടന്നും തന്റെ ഇഷ്ടടീമുകളുടെ കളി നേരില്‍ കാണുകയായിരുന്നു ഈ ഫുട്‌ബോള്‍ പ്രേമി.
റഷ്യയിലെ ഗാലറികളില്‍ ഖത്തര്‍ ജഴ്‌സിയണിഞ്ഞ് ഫുട്‌ബോളാരാധകരെ 2022 ല്‍ ദോഹയിലേക്ക് ക്ഷണിച്ചാണ് ഇദ്ദേഹം മടങ്ങിയത്. മടങ്ങിയെത്തിയതും ഖത്തറിലെ ലോകകപ്പ് ഫാന്‍ സോണില്‍ നിത്യ സാന്നിദ്ധ്യമായി ഈ കാസര്‍കോഡുകാരനുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരായ ഖത്തറിലെ മഞ്ഞപ്പടയിലെ അംഗമായ ഇദ്ദേഹം നേരത്തെ ഒറ്റദിവസത്തെ അവധിയില്‍ കൊച്ചിയിലെത്തി ടീമിന്റെ കളികണ്ട് മടങ്ങിയിരുന്നു.