Gulf
ബഹിരാകാശ മേഖലയിൽ ഇന്ത്യ-യു.എ.ഇ സഹകരണം
Gulf

ബഹിരാകാശ മേഖലയിൽ ഇന്ത്യ-യു.എ.ഇ സഹകരണം

Web Desk
|
3 July 2018 2:24 AM GMT

പരസ്പര സഹകരണത്തിന് യു.എ.ഇ ബഹിരാകാശ ഏജൻസിയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും നേരത്തേ തീരുമാനിച്ചിരുന്നു

ബഹിരാകാശ മേഖലയിൽ ഇന്ത്യയും യു.എ.ഇയും തമ്മിൽ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങുന്നു. പരസ്പര സഹകരണത്തിന് യു.എ.ഇ ബഹിരാകാശ ഏജൻസിയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികള്‍ ഇപ്പോള്‍ ഊര്‍ജ്ജിതമായിരിക്കുകയാണ്.

2016 ഫെബ്രുവരി 11ന് അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്​യാന്റെ ഇന്ത്യാ സന്ദർശന വേളയിലായിരുന്നു കരാർ ഒപ്പുവച്ചത്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഐഎസ്ആർഒ ആസ്ഥാനം സന്ദർശിച്ച യു.എ.ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ശൈഖ്​ അബ്ദുല്ല ബിൻ സായിദ് അൽ നഹ്​യാൻ സഹകരണം കൂടുതൽ മുന്നോട്ടു കൊണ്ടു പോകുമെന്ന് വ്യക്​തമാക്കുകയും ചെയ്തു. മുൻ ചെയർമാൻ ഡോ.കെ രാധാകൃഷ്ണനും മറ്റു ശാസ്ത്രജ്ഞരും ചേർന്നായിരുന്നു യു.എ.ഇ സംഘത്തെ സ്വീകരിച്ചത്​. വാർത്താവിനിമയ ഉപഗ്രഹങ്ങൾ, റിമോർട്ട് സെൻസിങ് സംവിധാനങ്ങൾ, റോക്കറ്റുകൾ, ഐ.എസ്.ആർ.ഒയുടെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് യു.എ.ഇ സംഘം ​ആരാഞ്ഞു. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട, രോഹിണി ശ്രേണിയിലെ ഉപഗ്രഹങ്ങൾ, ക്രയോജനിക് സംവിധാനങ്ങൾ എന്നിവയെക്കുറിച്ചും ​ഐ.എസ്​.ആർ. ഒ സംഘം വിശദീകരണം നൽകി.

ബഹിരാകാശരംഗത്ത്​ മുന്നേറാനുള്ള തിടുക്കത്തിലാണ്​ യു.എ.ഇയും. അതിനു വേണ്ട പ്രധാന സഹകരണം ഇന്ത്യയിൽ നിന്നാണ്​ യു.എ.ഇ ആഗ്രഹിക്കുന്നതും. യുഎഇയുടെ ചൊവ്വാദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ സംഘം ഇന്ത്യയുമായി പങ്കുവച്ചു. നൂതന ഉപഗ്രഹങ്ങളും റോക്കറ്റും വികസിപ്പിക്കുക, സാങ്കേതിക വിദ്യകൾ കൈമാറുന്ന രാജ്യമായി യുഎഇയെ മാറ്റുക, ഉപഗ്രഹസംവിധാനത്തിലൂടെ ഭാവിയിലെ വികസനപദ്ധതികൾ ഊർജ്ജിതമാക്കുക എന്നിവയാണു യു.എ.ഇ മുന്നിൽ കാണുന്നത്​.

Similar Posts