Gulf
വാഹനമോടിച്ച് പിഴ വന്നാല്‍ ഇനി സ്ഥലവും ചിത്രവും നിങ്ങള്‍ക്കും പരിശോധിക്കാം; തെറ്റില്ലെങ്കില്‍ അപ്പീല്‍ നല്‍കാം
Gulf

വാഹനമോടിച്ച് പിഴ വന്നാല്‍ ഇനി സ്ഥലവും ചിത്രവും നിങ്ങള്‍ക്കും പരിശോധിക്കാം; തെറ്റില്ലെങ്കില്‍ അപ്പീല്‍ നല്‍കാം

Web Desk
|
5 July 2018 6:08 AM GMT

സൌദിയില്‍ വാഹനമോടിക്കുന്നവര്‍ നടത്തുന്ന നിയമലംഘനങ്ങളുടെ ചിത്രവും സ്ഥലവും പിഴ ലഭിക്കുന്നവര്‍ക്ക് പരിശോധിക്കാം. അവരവര്‍‌ നടത്തുന്ന നിയമ ലംഘനം ലോകത്തിന്റെ ഏതു കോണില്‍ നിന്നും പരിശോധിക്കാനുള്ള സംവിധാനം വികസിപ്പിക്കുകയാണ് സൌദി ട്രാഫിക് ഡയറക്ടറേറ്റ്. തുടര്‍ച്ചയായി നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള സംവിധാനവും പ്രാബല്യത്തില്‍ വരുന്നുണ്ട്.

ട്രാഫിക് നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സുതാര്യമാക്കുക എന്ന ലക്ഷ്യം വെച്ചാണ് പുതിയ സേവനം ട്രാഫിക് ഡയറക്ടറേറ്റ് നടപ്പാക്കുന്നത്. ഗതാഗത നിയമ ലംഘനങ്ങളുടെ ഫോട്ടോകള്‍ ലംഘനം നടത്തിയവര്‍ക്ക് പരിശോധിക്കാം. ചിത്രവും പിഴ വീണ സ്ഥലവും രേഖയിലും ചിത്രത്തിലുമുണ്ടാകും.

പിഴ ചുമത്തിയതില്‍ തെറ്റുണ്ടെന്ന് തോന്നിയാല്‍ ഓണ്‍ലൈന്‍ വഴി വിയോജിപ്പുകള്‍ പ്രകടിപ്പിക്കാം. അപ്പീല്‍ പരിശോധിച്ച് നടപടിയും ട്രാഫിക് ഡയറക്ടറേറ്റിന്റെ ഭാഗത്ത് നിന്നുണ്ടാകും. നിയമ ലംഘകര്‍ക്ക് ബ്ലാക് പോയിന്റുകള്‍ നല്‍കുന്ന രീതിയും ഭാവിയില്‍ ട്രാഫിക് ഡയറക്ടറേറ്റ് നടപ്പാക്കും.

ഇതനുസരിച്ച് നിയമലംഘനങ്ങള്‍ക്കനുസരിച്ച് ലൈസന്‍സില്‍ ബ്ലാങ്ക് പോയിന്റ് രേഖപ്പെടുത്തും. ഒരു വര്‍ഷത്തിനിടെ നിശ്ചിത എണ്ണത്തിലേറെ ഗതാഗത നിയമ ലംഘനം നടത്തിയാല്‍‌ ലൈസന്‍സ് റദ്ദാകും. ഇവര്‍ക്ക് ഡ്രൈവിംഗ് സ്‌കൂളുകളില്‍ വീണ്ടും പരിശീലനം നിര്‍ബന്ധമാക്കും. ഇതിന് ശേഷമേ പുതിയ ലൈസന്‍സ് ലഭിക്കൂ. പുതിയ പദ്ധതികള്‍ രണ്ടും പ്രാബല്യത്തിലാകുന്ന തിയതി പിന്നീട് പ്രഖ്യാപിക്കും.

Related Tags :
Similar Posts