ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി; ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകളുടെ വിപണനം നിർത്തി വയ്ക്കാൻ നിര്‍ദ്ദേശം
|ചൈനീസ് നിർമിതമായ മരുന്നുകളാണ് ഇവ. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ചാണ് നിരോധനം
ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ വിപണനം നിർത്തി വയ്ക്കാൻ യു.എ.ഇ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ചൈനീസ് നിർമിതമായ മരുന്നുകളാണ് ഇവ. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ചാണ് നിരോധനം.
ക്യാൻസറിന് കരണമാകുന്ന എൻ നൈട്രോസോഡിമെന്റാലാമിൻ എന്ന രാസവസ്തു അടങ്ങിയതായാണ് കണ്ടെത്തിയത്. ഹൃദ്രോഗത്തിന് പുറമെ അമിത രക്ത സമ്മർദ്ദത്തിനും ഉപയോഗിക്കുന്ന വൾസാർടൻ എന്ന ഘടകത്തിലാണ് ഇത് കണ്ടെത്തിയത്. ചൈനയിലെ ഷീജിയാങ് ഹുവാഹെ ഫാർമസ്യൂട്ടിക്കൽസ് ഉൽപാദിപ്പിക്കുന്ന ഈ മരുന്ന് വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് എല്ലാ മെഡിക്കൽ ജില്ലകളുടെയും ഡയറക്ടർമാർക്ക് ആരോഗ്യവകുപ്പ് കത്ത് നൽകിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും ഫാർമസികൾക്കും നിർദേശം ബാധകമാണ്. ഈ മരുന്ന് രോഗികൾക്ക് നൽകരുതെന്നും പകരം മറ്റ് കമ്പനികളുടെ മരുന്ന് ഉപയോഗിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഈ മരുന്ന് ഉപയോഗിക്കുന്ന രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമെ മരുന്ന് മാറ്റി ഉപയോഗിക്കാവൂവെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ സ്പെയിനിലെ ലബോറേട്ടാറിയോസ് സിൻഫ എസ്.എ. എന്ന കമ്പനി നിർമിച്ച സിൻഫാവൽ , കോ സിൻഫാവൽ എന്നിവയും ജോർഡാനിൽ നിന്നുള്ള ഫാർമ ഇൻറർനാഷ്ണലിെൻറ ഡയോസ്റ്റാർ പ്ലസ്, യു.എ.ഇയിലെ ഗ്ലോബൽ ഫാർമയുടെ വാൾഡിയോ എച്ച്.സി.ടി. എന്നിവയും നിരോധിച്ചവയിൽ പെടും. ഹൃദ്രോഗ ചികിൽസക്ക് മറ്റ് കമ്പനികൾ ഉൽപാദിപ്പിക്കുന്ന മരുന്നുകളിലും വൾസാർടൻ അടങ്ങിയിട്ടുണ്ടെങ്കിലും അത് ഹാനികരമല്ലെന്നും അധികൃതർ വ്യക്തമാക്കി.