വേനല്‍ കടുത്തു; കുവൈത്തില്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു
|പോയവാരം ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ തിങ്കളാഴ്ച 13, 790 കിലോ വാട്ടിനു മുകളിലാണ് വൈദ്യുതി ഉപഭോഗം
കുവൈത്തിൽ വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതായി റിപ്പോർട്ട്. പോയവാരം ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ തിങ്കളാഴ്ച 13, 790 കിലോ വാട്ടിനു മുകളിലാണ് വൈദ്യുതി ഉപഭോഗം. വെള്ളം വൈദ്യുതി എന്നിവയുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് ജലം, വൈദ്യുതി മന്ത്രാലയം അഭ്യർത്ഥിച്ചു.
ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നതിനനുസരിച്ചു എയർകണ്ടീഷനുകൾ കൂടുതലായി പ്രവർത്തിക്കുന്നതാണ് വൈദ്യുതി ഉപഭോഗം കൂടുന്നതിന് പ്രധാനകാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത് , വരും ദിവസങ്ങളിൽ 14500 കിലോവാട്ട് വരെ ഉപഭോഗം കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ . 16000 കിലോവാട്ട് വൈദ്യുതിയാണ് നിലവിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് . ഉപഭോഗം കൂടുന്നതിനനുസരിച്ചു ഉപഭോഗവും ഉത്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്ന അവസ്ഥയുണ്ട് , ജലം വൈദ്യുതി എന്നിവയുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കുകയാണ് പരിഹാരമെന്നും അധികൃതർ നിർദേശിച്ചു .
വാഹനം കഴുകൽ , പുൽത്തകിടികൾ നന്നാക്കൽ തുടങ്ങിയ കാര്യങ്ങൾക്കു അമിതമായി വെള്ളം ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം . മിതവ്യയം സർക്കാർ നയമാണെന്നും അമിതമായി ജലം വൈദ്യുതി എന്നിവ പാഴാക്കുന്നത് നിയമലംഘനമാണ് കണക്കാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി .അതിനിടെ വൈദ്യുതി നിരക്കിൽകാലോചിതമായ വർധന ആവശ്യമായിരിക്കുകയാണെന്നു മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബുഷാഹിരി സൂചിപ്പിച്ചു . സഹകരണ സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്കു അഞ്ചു ഫിൽസ് ആയും വെള്ളക്കരം 1000 ഗാലനു 800 ഫിൽസ് എന്നതു രണ്ടു ദിനാർ ആയുംവർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.