ഹജ്ജ് സീസണിന് തുടക്കമായി; തീര്‍ഥാടകരുമായി വിമാനങ്ങള്‍ ഇറങ്ങി
|ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ച് ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം മദീനയിലെത്തി.
ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ച് ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം മദീനയിലെത്തി. 410 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്നും സൌദി എയര്‍ലൈന്‍സിലാണ് തീര്‍ഥാടകരെത്തിയത്. പത്ത് വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്നും മദീനയിലെത്തുക. തീര്‍ഥാടകരെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് നേതൃത്വം സ്വീകരിച്ചു. ഇന്ത്യയില്‍ നിന്നുള്ള 410 തീര്‍ഥാടകര്‍ ആദ്യ വിമാനത്തിലെത്തി.
മദീന വിമാനത്താവളത്തില്‍ ഇവരെ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ശാഹിദ് ആലം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.മദീന വിമാനത്താവള ഉദ്യോഗസ്ഥരും തീര്‍ഥാടകരെ സ്വീകരിക്കാനെത്തി.
മെഡിക്കല്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കി ഹാജിമാര്‍ താമസ സ്ഥലത്തേക്ക് തിരിച്ചു. മികച്ച സൌകര്യത്തോടെയുള്ള വിവിധ ബസ് സര്‍വീസുകള്‍ തീര്‍ഥാടകരുടെ സേവനത്തിനായുണ്ട്. വിശ്രമത്തിന് ശേഷം തീര്‍ഥാടകര്‍ മസ്ജിദുന്നബവിയിലെത്തി മുഹമ്മദ് നബിയുടെ ഖബറിടമായ റൌളാ ശരീഫിലെത്തി സലാം പറയും.
ഒരു ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി എഴുന്നൂറ് പേരെത്തും ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിന്. 443 വിമാനങ്ങളിലാണ് ഇവര്‍ ജിദ്ദ മദീന വിമാനത്താവളങ്ങളില്‍ ഇറങ്ങുക. കേരളത്തിൽ നിന്നുള്ള ആദ്യവിമാനം ആഗസ്റ്റ് ഒന്നിന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കാണ്.