നവീകരണത്തിനും അറ്റകുറ്റപണികൾക്കുമായി റൺവേ അടയ്ക്കും: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നു
|2019 ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് റൺവെ അടക്കുക. ഈ സമയത്ത് യാത്രക്ക് പദ്ധതിയിടുന്നവര്‍ പുതിയ വിവരങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്.
നിര്‍മാണ പ്രവൃത്തികള്‍ക്കായി ദുബൈ അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ അടയ്ക്കുന്നതിന്റെ ഭാഗമായി സർവീസുകൾ പുനഃക്രമീകരിക്കും. നവീകരണത്തിനും അറ്റകുറ്റപണികൾക്കുമായി 45 ദിവസത്തേക്കാണ് ഒരു റൺവെ അടക്കുക.
2019 ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് റൺവെ അടക്കുക. ഈ സമയത്ത് ശേഷിക്കുന്ന ഒരു റണ്‍വേ മാത്രമേ ഉപയോഗിക്കാനാവൂ. ഈ കാലയളവിൽ വിമാന സർവീസുകൾക്ക് വ്യാപക മാറ്റം വരും. പല കമ്പനികളും സമയക്രമം പരിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ്. ചില സെക്ടറുകളിലെ സര്‍വീസുകള്‍ പൂര്ണകമായി റദ്ദാക്കുമെന്നും മറ്റ് ചിലയിടങ്ങളിലേക്ക് സമയത്തിലോ വിമാനങ്ങളുടെ എണ്ണത്തിലോ മാറ്റം വരുത്തേണ്ടി വരുമെന്നും എമിറേറ്റ്സ് എയർലെൻസ് അറിയിച്ചു.
നിലവില്‍ പ്രതിദിനം 1100 വിമാനങ്ങളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സര്‍വീസ് നടത്തുന്നത്. റണ്‍വേ അടച്ചിടുന്നത് 43 ശതമാനം സര്‍വീസുകളെ ബാധിക്കും. ഈ സമയത്ത് യാത്രക്ക് പദ്ധതിയിടുന്നവര്‍ പുതിയ വിവരങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്. ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ കൂടുതൽ സർവീസുകൾ ദുബൈ വേൾഡ് സെന്ററിലേക്ക് മാറ്റാൻ ആലോചിക്കുന്നുണ്ട്. നിലവിൽ നിരവധി സർവീസുകൾ ഫ്ലൈ ദുബൈ ഇവിടെ നിന്ന് നടത്തുന്നുണ്ട്. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.