Gulf
സര്‍വേ ഫലം അനുകൂലം: പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാനൊരുങ്ങി ഒമാന്‍
Gulf

സര്‍വേ ഫലം അനുകൂലം: പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാനൊരുങ്ങി ഒമാന്‍

Web Desk
|
17 July 2018 6:10 AM GMT

മന്ത്രാലയം ട്വിറ്ററിലൂടെ നടത്തിയ സർവേയിൽ പങ്കെടുത്ത 89 ശതമാനം പേരാണ്​ പ്ലാസ്റ്റിക്​ ബാഗുകൾ നിർബന്ധമായും ഒഴിവാക്കണമെന്ന്​ അഭിപ്രായപ്പെട്ടത്

കടകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധം ഏർപ്പെടുത്താനുള്ള ആലോചനയെ അനുകൂലിച്ച് ഒമാൻ പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം സർവേ ഫലം. മന്ത്രാലയം ട്വിറ്ററിലൂടെ നടത്തിയ സർവേയിൽ പങ്കെടുത്ത 89 ശതമാനം പേരാണ് പ്ലാസ്റ്റിക് ബാഗുകൾ നിർബന്ധമായും ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടത്.

ഒമാനിലെ ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലുമാണ് പ്ലാസ്റ്റിക് കവറുകൾ കൂടുതലായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തെകുറിച്ചും അവക്ക് പകരം പുനരുപയോഗിക്കാവുന്നതോ സ്വയംനശിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള ബാഗുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായ സ്വരൂപണവും ലക്ഷ്യമിട്ട് നടത്തിയ മൂന്ന് ദിവസത്തെ സർവേയിൽ 4514 പേരാണ് പ്രതികരണം അറിയിച്ചത്. 130ലധികം പേർ പ്ലാസ്റ്റിക് ബാഗുകൾ മനുഷ്യർക്കും മൃഗങ്ങൾക്കും സമുദ്രത്തിലെ ആവാസവ്യവസ്ഥക്കും ഉണ്ടാക്കുന്ന ദോഷങ്ങളെ പറ്റിയും പ്രതികരിച്ചിട്ടുണ്ട്.

നൂറുകണക്കിന് വർഷങ്ങൾ നശിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നഗരങ്ങളിലും കടൽതീരങ്ങളിലും സമുദ്രത്തിലുമെല്ലാം വലിയ തോതിൽ മലിനീകരണത്തിന് വഴിയൊരുക്കുവെന്ന വസ്തുതയെ കുറിച്ച ജനങ്ങളെ ബോധവത്കരിക്കുന്നതിനായിരുന്നു സർവേ.

Similar Posts