പലിശക്കാരില്‍ നിന്നും വായ്പയെടുത്തു; തിരിച്ചെടുക്കാന്‍ കഴിയാതെ മലയാളി കുടുംബം ദുരിതത്തില്‍
|ഇരുപത്തൊന്ന് വര്‍ഷമായി സൗദിയിലെ ദമ്മാമില്‍ സോഫ കടയില്‍ ജോലി ചെയ്തു വന്ന തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി സജീവന്റെ കുടുംബമാണ് ദുരിതത്തിലായത്
പലിശക്കാരില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിയാതെ മൂന്നു വര്‍ഷമായി ദുരിതത്തില്‍ കഴിയുകയാണ് അഞ്ചംഗ മലയാളി കുടുംബം. ഇരുപത്തൊന്ന് വര്‍ഷമായി സൗദിയിലെ ദമ്മാമില്‍ സോഫ കടയില്‍ ജോലി ചെയ്തു വന്ന തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി സജീവന്റെ കുടുംബമാണ് ദുരിതത്തിലായത്. ബ്ലേഡുകാരില്‍ നിന്നും വാങ്ങിയ ലക്ഷം റിയാലാണ് ജീവിതം തകിടം മറിച്ചത്.
21 വര്‍ഷമായി സൌദിയിലെ സോഫ നിര്‍മ്മാണ ജോലി ചെയ്തു വരികയാണ് സജീവ്. പത്തു വര്‍ഷത്തോളമായി കുടുംബവും സജീവിനോടൊപ്പമായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് സ്പോണ്‍സറില്‍ നിന്നും കട പണം കൊടുത്ത് സ്വന്തമാക്കി. ഇതിനു വേണ്ടി ഒരു ലക്ഷത്തോളം റിയാല്‍ ബ്ലേഡ് കാരില്‍ നിന്നും കടമായി വാങ്ങി. ആഴ്ചകള്‍ക്ക് ശേഷം കടയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ കട പൂര്‍ണമായി കത്തി നശിച്ചു.
സ്വമനസുകളുടെയും സംഘടനകളുടെയും സഹായത്താല്‍ കട വീണ്ടും തുറന്നെങ്കിലും ബ്ലേഡുകാര്‍ തിരിച്ചടവ് മുടങ്ങിയതോടെ കടയില്‍ വന്നു പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇത് കട അടച്ചിടുന്നതിലേക്കും ജോലി നഷ്ടപ്പെടാനും കാരണമായി. ഇതോടെ സ്പോണ്‍സര്‍ വേണുവിനെ ഹുറൂബ് അഥവാ ഒളിച്ചോട്ടച്ചക്കാരനാക്കി. ബ്ലേഡുകാരില്‍ ഒരാള്‍ കോടതിയില്‍ കേസും നല്‍കി.
ഒരു വര്‍ഷമായി താമസ രേഖ പുതിക്കിയിട്ടില്ല. മൂന്നാമത്തെ മകനെ പ്രസവിച്ച് കുടുംബം അവധി കഴിഞ്ഞ് വന്ന ഉടനെയാണ് സജീവിന്റെ കട കത്തിയത്. അവന് ഇതുവരെ ഇഖാമ എടുത്തിട്ടില്ല. മൂത്ത മകളുടെ സ്‌കൂള്‍ രണ്ട് വര്‍ഷമായി മുടങ്ങി. രണ്ടാമത്തെയാള്‍ക്ക് സ്‌കൂളില്‍ ചേര്‍ക്കേണ്ട പ്രായം കഴിഞ്ഞിട്ടും ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഭാര്യക്ക് പല അസുഖങ്ങള്‍ കാരണം ആശുപത്രിയില്‍ പോലും പോകാന്‍ സാധിക്കുന്നില്ല. വിഷയത്തിലടപെട്ട പ്രവാസി സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തകര്‍ സജീവിന്റെ കുടുംബത്തെ എക്‌സിറ്റ് നേടി എത്രയും വേഗം നാട്ടിലയക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.