യു.എ.ഇ പൊതുമാപ്പിന് മലയാളികൾ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാർ അപേക്ഷയുമായി രംഗത്ത്
|ദുബൈ കെ.എം.സി.സി ഒരുക്കിയ ഹെൽപ്പ് ഡസ്ക് സംവിധാനത്തിലൂടെയാണ് ഇവർ അപേക്ഷ കൈമാറിയത്
യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തിൽ വരാൻ പത്തു നാളുകൾ മാത്രം ബാക്കിനിൽക്കെ, മലയാളികൾ ഉള്‍പ്പെടെ നൂറുകണക്കിന് അനധികൃത ഇന്ത്യക്കാർ അപേക്ഷയുമായി രംഗത്ത്. ദുബൈ കെ.എം.സി.സി ഒരുക്കിയ ഹെൽപ്പ് ഡസ്ക് സംവിധാനത്തിലൂടെയാണ് ഇവർ അപേക്ഷ കൈമാറിയത്.
താമസം നിയമവിധേയമാക്കുന്നതിനോ അതല്ലെങ്കിൽ പിഴ കൂടാതെ രാജ്യം വിടുന്നതിനോ അവസരം ഒരുക്കുന്ന പൊതുമാപ്പിന് ഇക്കുറിയും മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. നൂറുകണക്കിന് അപേക്ഷകർ ഇപ്പോൾ തന്നെ ദുബൈ അൽ ബറാഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് ഒരുക്കിയ ഹെൽപ്പ് ഡസ്കിനെ സമീപിച്ചതായി കെ.എം.സി.സി ദുബൈ ഘടകം സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി പറഞ്ഞു. 2013ൽ ആയിരുന്നു യു.എ.ഇയിൽ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.
അനധികൃതമായി രാജ്യത്ത് തങ്ങാൻ നിർബന്ധിതരായ നിരവധി കുടുംബങ്ങളും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ അപേക്ഷ നൽകിയവുടെ കൂട്ടത്തിലുണ്ട്. പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്താൻ എല്ലാവരും തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് സാമൂഹിക, സന്നദ്ധ സംഘടനകൾ. അടുത്ത മാസം ഒന്നു മുതൽ മൂന്നു മാസത്തേക്കാണ് യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.