സ്വദേശിവത്കരണം പ്രാബല്യത്തിലായ മൊബൈല്‍ ഫോണ്‍ കടകളില്‍ വ്യാപക പരിശോധന
|തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും വകുപ്പുകളും സഹകരിച്ചാണ് റെയ്ഡുകള്‍ നടത്തുന്നത്
സ്വദേശിവത്കരണം പ്രാബല്യത്തിലായ മൊബൈല്‍ ഫോണ്‍ കടകളില്‍ വ്യാപക പരിശോധന തുടരുന്നു. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും വകുപ്പുകളും സഹകരിച്ചാണ് റെയ്ഡുകള്‍ നടത്തുന്നത്. റെയ്ഡുകളില് രണ്ടായിരത്തോളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
സൗദിവല്‍ക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്താനായിരുന്നു പരിശോധന. 1369 നിയമ ലംഘനങ്ങള്‍ ഇതില്‍ കണ്ടെത്തി. 408 മറ്റു നിയമ ലംഘനങ്ങളും സ്ഥാപനങ്ങളില്‍ കണ്ടെത്തി. ജനുവരി ഒന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ വിവിധ പ്രവിശ്യകളിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ പരിശോധന നടന്നു. 40,315 ഫീല്‍ഡ് പരിശോധനകളാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് നടത്തിയത്. ഇതില്‍ 38,353 സ്ഥാപനങ്ങള്‍ സൗദിവല്‍ക്കരണവും മറ്റു നിയമങ്ങളും പൂര്‍ണമായും പാലിച്ചതായി കണ്ടെത്തി. 1870 സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിച്ചില്ല. നിയമ ലംഘനങ്ങള്‍ക്ക് 1306 സ്ഥാപനങ്ങള്‍ക്ക് താക്കീത് നോട്ടീസ് നല്കി. സൗദിവല്‍ക്കരണം നടപ്പാക്കാത്ത മൊബൈല്‍ ഫോണ്‍ കടകളെ കുറിച്ചും മറ്റു തൊഴില്‍ നിയമ ലംഘനങ്ങളെ കുറിച്ചും 19911 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ സ്വദേശികള്‍ക്ക് നിർദ്ദേശമുണ്ട്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയും നിയമം ലംഘനം അറിയിക്കാം.