ബാച്ചിലർമാർക്ക് പ്രത്യേക താമസകേന്ദ്രങ്ങളുമായി കുവൈത്ത്
|ആറു കേന്ദ്രങ്ങളിലായി 2,20,000 വിദേശി ബാച്ചിലർമാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ
കുവൈത്തിൽ ബാച്ചിലർമാർക്കായി പ്രത്യേക താമസകേന്ദ്രങ്ങൾ വരുന്നു. ജഹറയിലെ ആദ്യ കേന്ദ്രത്തിന്റെ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. ആറു കേന്ദ്രങ്ങളിലായി 2,20,000 വിദേശി ബാച്ചിലർമാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ബാച്ചിലർ താമസ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഫയൽ പാർലമെൻറിൽ സമർപ്പിച്ചതായി മുനിസിപ്പൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അറൂമി വ്യക്തമാക്കി. ആറ് ഗവർണറേറ്റുകളിലായി 2,20,000 തൊഴിലാളികൾക്ക് താമസിക്കാനുള്ള സൗകര്യമാണ്
ഒരുക്കുക. 2019 അവസാനത്തോടെ ജഹ്റയുടെ തെക്ക് ഭാഗത്ത് പ്രത്യേക താമസ കേന്ദ്രത്തിന്റെ പണി പൂർത്തിയാക്കുമെന്നു പറഞ്ഞ മന്ത്രി ബാക്കിയുള്ള അഞ്ച് താമസ കേന്ദ്രങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും കൂട്ടിച്ചേർത്തു.
40,000 തൊഴിലാളികൾക്ക് സൗകര്യമുള്ള 246.5 ഹെക്ടർ സ്ഥലം സുബ്ബിയ്യയിലും 40,000 തൊഴിലാളികൾക്ക് സൗകര്യമുള്ള 246.5 ഹെക്ടർ സ്ഥലം തെക്കൻ ജഹറയിലും 20,000 തൊഴിലാളികൾക്ക് സൗകര്യമുള്ള സ്ഥലം സാൽമിയയിലും കണ്ടുവെച്ചിട്ടുണ്ട്. ഇത് കൂടാതെ സുലൈബിയ കബദ് ആരിഫിജാൻ, വഫറ എന്നിവിടങ്ങളിലും ബാച്ചിലർ സിറ്റി പണിയാനാണ് നിശ്ചയിച്ചിട്ടുള്ളത്.