മരിച്ചിട്ടും നീതി ലഭിക്കാതെ മണിക്കൂറുകളധികം സഞ്ചരിച്ചു വരുന്ന പ്രവാസി മൃതദേഹങ്ങള്‍
|ജിദ്ദ-കരിപ്പൂര്‍ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിനു ഇനിയും തടസം നിൽക്കുന്നവർ പ്രവാസികളോടു മാത്രമല്ല, പ്രവാസി മൃതദേഹങ്ങളോടും തികഞ്ഞ അനീതിയാണ് കാണിക്കുന്നത്.
കരിപ്പൂരില്‍ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ ഏറെ ദുരിതമനുഭവിക്കുന്നത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു കൂടിയാണ്. സൗദിയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിൽ ജോലിയെടുക്കുന്ന മലബാറിൽ നിന്നുള്ള പ്രവാസികള്‍ മരണപ്പെട്ടാല്‍ കൊച്ചിയിലേക്കാണ് ഇപ്പോള്‍ മൃതദേഹം എത്തിക്കുന്നത്. മരിച്ചിട്ടും നീതി ലഭിക്കാതെ മണിക്കൂറുകള്‍ അധികം സഞ്ചരിച്ചു വേണം ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഉറ്റവരെയും ഉടയവരെയും വിട്ടകന്നവർ, പ്രവാസികൾ. വർഷങ്ങൾ കഴിഞ്ഞു സന്തോഷത്തോടെ തന്റെ കുടുംബത്തിലേക്ക് മടങ്ങിവരേണ്ട ഇവരിൽ ചിലരുടെയെങ്കിലും ചേതനയറ്റ ശരീരമായിരിക്കും തിരികെ വരിക. സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഒരാള്‍ മരണപ്പെട്ടാല്‍ കൊച്ചിയിലേക്കാണ് ഇപ്പോൾ ജിദ്ദയിൽ നിന്നും മൃതദേഹങ്ങൾ കൊണ്ടുവരുന്നത്. ഈ പ്രദേശങ്ങളിലെ പ്രവാസികളിൽ ഭൂരിഭാഗം പേരും മലബാറുകാരും. നേരത്തെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയിരുന്നത് കേവലം അഞ്ച് മണിക്കൂര്‍. കൊച്ചിയിലെത്തി റോഡ് മാർഗം മൃതദേഹം വീട്ടിലെത്തിക്കാൻ ഇന്ന് ഇരട്ടി സമയവും പണവും വേണം. എംബാം ചെയ്തു കൊണ്ടുവരുന്ന മൃതശരീരം വീട്ടുകാരിലെത്തുമ്പോള്‍ രൂപമാറ്റം തന്നെയുണ്ടാകുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വലിയ വിമാനങ്ങൾ സർവീസ് നടത്താനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായാണ് റിപ്പോർട്ട്. അതിനാൽ ജിദ്ദയിൽ നിന്നുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നതിനു ഇനിയും തടസം നിൽക്കുന്നവർ പ്രവാസികളോടു മാത്രമല്ല, പ്രവാസി മൃതദേഹങ്ങളോടും തികഞ്ഞ അനീതിയാണ് കാണിക്കുന്നത്.